Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം: കലക്കവെള്ളത്തിലെ മീൻ പിടിത്തം

ദേശീയപാത, ഗെയ്ൽ ഗ്യാസ് ലൈൻ, കെ റെയിൽ, കൂടംകുളം ഇടമൺ കൊച്ചി പവർ ഹൈവേ  തുടങ്ങിയവയുടെ പേരിലും അക്രമ സമരങ്ങളുണ്ടായി. അന്യായ സമരങ്ങളുടെ മുന്നിൽ പല വികസന പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുമ്പോൾ തടസ്സപ്പെടുന്നത് നാടിന്റെ വികസനമാണ്. പുതിയ തലമുറയുടെ സ്വപ്‌നങ്ങൾക്ക് മീതെ അത് കരിനിഴലായി പതിക്കും. ഭാവി കേരളത്തിലെ ചെറുപ്പക്കാരോട് കാണിക്കുന്ന അനീതിയായിരിക്കും അത്. 

ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ ക്രൈസ്തവ പുരോഹിതനായ തിയോഡേഷ്യസ് ഡിക്രൂസ്, ആ പേരിൽ പോലുമുണ്ട് എന്ന വർഗീയ വിഷം തുപ്പുന്ന പ്രസ്താവനയോട് പ്രബുദ്ധ കേരളം വേണ്ട രീതിയിൽ പ്രതികരിക്കാതിരിക്കുന്നത് സംയമനത്തിന്റെ വഴിയാണ് ഉചിതമെന്ന വിചാരം കൊണ്ടാകും. അപ്പോഴും പക്ഷേ, വർഗീയതയുടെ വിഷവേരുകൾ വിഴിഞ്ഞത്ത് ആഴത്തിലാണ്ടു കിടക്കുന്നുണ്ട്. അതിനിടെ വിഴിഞ്ഞം തുറമുഖം അനിവാര്യമാണെന്ന് പ്രമുഖരുടെ ആവശ്യമുയർന്നത് കൂടി ഈയവസരത്തിൽ സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. 
വിഴിഞ്ഞം തുറമുഖം നാടിന്റെ മുന്നേറ്റത്തിന് ആവശ്യമാണെന്ന് സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖർ തുറന്ന കത്തിൽ വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ എതിർപ്പുയർത്തുന്നവരുടെ അസ്ത്രത്തിന്റെ മുന ഒടിഞ്ഞിരിക്കുന്നു. 
കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹ്യ മേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യ വികസനം കൂടിയേ തീരൂവെന്നാണ് വിവിധ മേഖലകളിലെ പ്രമുഖർ അഭിപ്രായപ്പെട്ടത്. 
അശ്വതി തിരുനാൾ ലക്ഷ്മി ഭായി, പ്രൊഫസർ എം.കെ. സാനു, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായിരുന്ന കെ.എം. ചന്ദ്രശേഖർ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. എ നായർ, കൗൺസിൽ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചെയർമാനും ഇൻഫോസിസ് സഹ സ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ടെക്‌നോപാർക്ക് സ്ഥാപകൻ ജി വിജയരാഘവൻ, മാധ്യമ പ്രവർത്തകൻ ശശികുമാർ, എഴുത്തുകാരായ എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, സേതു, എൻ.എസ്. മാധവൻ, ഷാജി എൻ. കരുൺ, ഗോകുലം ഗോപാലൻ, ഡോ. മാർത്താണ്ഡം പിള്ള ഉൾപ്പെടെ എൺപതോളം പേരാണ് കത്ത് പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്.  
അതേ സമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരത്തിന്, ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്കപ്പുറമുള്ള നിഗൂഢവും വർഗീയവുമായ ലക്ഷ്യങ്ങളുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പലപ്പോഴായി അവിടെ ഉണ്ടായത്. നിയമ വാഴ്ചയെ അപകടപ്പെടുത്തും വിധം ജനങ്ങളെ വിളിച്ചിറക്കി പോലീസ് സ്റ്റേഷൻ ആക്രമിച്ചത് ഭയപ്പാടോടെയാണ് കേരളം കണ്ടത്. പോലീസിന്റെ അസാമാന്യ സംയമനം ഒന്നുകൊണ്ടു മാത്രം കാര്യങ്ങൾ കൈവിട്ടുപോയില്ല. നാൽപതോളം പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പോലീസ്, സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും അക്രമികൾ തകർത്തു. പോലീസ് സ്റ്റേഷൻ തല്ലിത്തകർത്തു. 
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ചു. വധശ്രമക്കേസിൽ അറസ്റ്റിലായ ഒരു പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ അതിക്രമങ്ങൾ. 
കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ ഇളക്കിവിടുന്നവരുടെ ഉന്നം സർക്കാരാണെന്നതിന് സാക്ഷ്യം അവരുടെ വാക്കുകൾ തന്നെയാണ്. 
തീരദേശത്ത് കലാപമുണ്ടാക്കി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഇവരുടെ ശ്രമങ്ങൾക്ക് പ്രതിപക്ഷവും അകമഴിഞ്ഞ പിന്തുണ നൽകുന്നു. മറുവശത്ത് സംഘ്പരിവാർ സംഘടനകളാകട്ടെ, കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമവും തുടർന്നുകൊണ്ടിരിക്കുന്നു.
വൻകിട പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്‌നങ്ങളിൽ തീരശോഷണം, മറ്റു പാരിസ്ഥിതിക വിഷയങ്ങൾ, പുനരധിവാസം, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിബന്ധങ്ങൾ തുടങ്ങിയവയെല്ലാം അടിയന്തര പരിഹാരം ആവശ്യമുള്ളതാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രാരംഭ ഘട്ടം മുതൽ നടപടി സ്വീകരിച്ചുവരുന്നുണ്ട്. പോരായ്മകൾ പരിഹരിക്കുന്നതിനുള്ള തുടർനടപടികളും ഉണ്ടായി. 
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമര സമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചിനും സംസ്ഥാന സർക്കാർ പരിഹാരം കണ്ടു. ആറാമത്തെ ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ ഇടപെടുകയും ചെയ്തു. ഏഴാമത്തെ ആവശ്യമായ തുറമുഖം നിർമാണം നിർത്തിവെക്കണമെന്നത് മാത്രമാണ് സർക്കാർ അംഗീകരിക്കാതിരുന്നത്.
സമര സമിതിയുമായി ചർച്ച നടന്ന ഘട്ടങ്ങളിലെല്ലാം സർക്കാർ നിലപാട് സംശയരഹിതമായി വ്യക്തമാക്കിയിട്ടും അനുരഞ്ജനമില്ലാതെ സമരം തുടരുകയാണുണ്ടായത്. നിർമാണം തടസ്സപ്പെട്ടതിനെ തുടർന്ന് തുറമുഖ നിർമാതാക്കളായ അദാനി കമ്പനി സർക്കാരിനെയും ആർച്ച് ബിഷപ്പ്
തോമസ് ജെ. നെറ്റോ ഉൾപ്പെടെയുള്ള സമര സമിതി ഭാരവാഹികളെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു. നിർമാണം തടയില്ലെന്ന ബിഷപ്പിന്റെയും മെത്രാന്മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖ നിർമാണത്തിന് സുരക്ഷയൊരുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്  ലംഘിച്ച് നിർമാണം തടസ്സപ്പെടുത്തിയതിനാണ് സമര സമിതി ഭാരവാഹികളായ ബിഷപ് ഉൾപ്പെടെയുള്ളവരുടെ പേരിൽ പോലീസ് കേസെടുത്തത്. സ്വാഭാവികമായ ഈ നിയമ നടപടി ദുർവ്യാഖാനം ചെയ്താണ് പോലീസ് സ്റ്റേഷൻ ആക്രമണവും വൻതോതിൽ പൊതുമുതൽ നശീകരണവും നടത്തിയത്.
ബിഷപ്പിന്റെ പേരിൽ കേസെടുത്തത് വൻ വൈകാരിക വിഷയമായി അവതരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായേ കാണാനാകൂ. വിഴിഞ്ഞത്ത് പല തവണയുണ്ടായ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ സമര സമിതി ഭാരവാഹിയെന്ന നിലയിൽ ബിഷപ്പും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട് . 
അതെല്ലാം മറച്ചുവെച്ച് ഞായറാഴ്ചയുണ്ടായ അനിയന്ത്രിതമായ അക്രമങ്ങൾക്ക് ന്യായീകരണമൊരുക്കാനാണ് സമരക്കാർ ശ്രമിക്കുന്നത്. ബിഷപ്പിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് നുണപ്രചാരണവും നടത്തുന്നു. ഞായറാഴ്ച രാവിലെ തുറമുഖത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുമുള്ളവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. 
ഈ കേസുകളിൽ സമര സമിതി കൺവീനർ യൂജിൻ പെരേരയടക്കമുള്ള വൈദികർ ഉൾപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം  നിയമപരമായി പോലീസ് സ്വീകരിച്ച നടപടികൾ സർക്കാരിനു മേൽ കെട്ടിവെച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. നാടിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായ സർക്കാർ ആദ്യമായല്ല ഇത്തരം സമരങ്ങൾ നേരിടുന്നത്. 
ദേശീയപാത, ഗെയ്ൽ ഗ്യാസ് ലൈൻ, കെ. റെയിൽ, കൂടംകുളം ഇടമൺ കൊച്ചി പവർ ഹൈവേ  തുടങ്ങിയവയുടെ പേരിലും അക്രമ സമരങ്ങളുണ്ടായി. അന്യായ സമരങ്ങളുടെ മുന്നിൽ പല വികസന പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുമ്പോൾ തടസ്സപ്പെടുന്നത് നാടിന്റെ വികസനമാണ്. പുതിയ തലമുറയുടെ സ്വപ്‌നങ്ങൾക്ക് മീതെ അത് കരിനിഴലായി പതിക്കും. ഭാവി കേരളത്തിലെ ചെറുപ്പക്കാരോട് കാണിക്കുന്ന അനീതിയായിരിക്കും അത്. 

Latest News