Sorry, you need to enable JavaScript to visit this website.

ഇടിയും മിന്നലും പൊടിക്കാറ്റും, ഇരുപതിലേറെ മരണം; ഉത്തരേന്ത്യ വിറച്ചു

ദൽഹിയിൽ ആഞ്ഞുവീശിയ പൊടിക്കാറ്റിൽനിന്ന് രക്ഷ നേടാൻ ശ്രമിക്കുന്ന കുട്ടികൾ.     
  • രണ്ടു ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂദൽഹി- ഉത്തരേന്ത്യയെ അടിമുടി വിറപ്പിച്ച് പൊടിക്കാറ്റും കൊടുങ്കാറ്റും ഇടിയും മിന്നലും. ഇന്നലെ വൈകിട്ടാണ് ഉത്തരേന്ത്യയെ ശ്വാസം മുട്ടിച്ച് പൊടിക്കാറ്റും മഴയും ഇടിയും മിന്നലുമെത്തിയത്. പശ്ചിമ ബംഗാളിൽ മിന്നലേറ്റ് നാലു കുട്ടികൾ മരിച്ചു. ഉത്തരേന്ത്യയിൽ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂർ, മിസോറം, ത്രിപുര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രകൃതിക്ഷോഭം ആഞ്ഞടിച്ചത്. 
പശ്ചിമ ബംഗാളിലെ ഹൗറയിൽ അഞ്ചു പേർ മരിച്ചു.  വെസ്റ്റ് മിഡ്‌നാപുർ, നോർത്ത് 24 പർഗാനാസ്, നാഡിയ ജില്ലകളിൽ ഓരോ ആളും മരിച്ചു. ദൽഹിയിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.പിയിലെ ഗാസിയാബാദിൽ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. 110 കിലോമീറ്റർ വേഗതയിലാണ് ദൽഹിയിൽ കാറ്റ് ആഞ്ഞുവീശിയത്. കനത്ത മഴയും ഇടിയും മിന്നലുമുണ്ടായി. 
കാറ്റും മഴയും കനത്തതിനെ തുടർന്ന് ദൽഹിയിൽ പ്രധാന ഗതാഗത മാർഗമായ മെട്രോ സർവീസ് സ്തംഭിച്ചു. 5.15 മുതൽ മെട്രോയിലെ ഏറ്റവും തിരക്കേറിയ പാതയായ ബ്ലൂലൈനിലെ മെട്രോ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദൽഹിയിൽ നിന്നുള്ള 50 വിമാന സർവീസുകളെയും കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിച്ചു. 
31 ആഭ്യന്തര വിമാന സർവീസുകളും ആറ് അന്താരാഷ്ട്ര വിമാന സർവീസുകളും മണിക്കൂറുകൾ വൈകി. 
പത്തോളം ആഭ്യന്തര സർവീസുകളും സമീപ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിട്ടു. 40 മിനിറ്റ് നേരത്തേക്കു വ്യോമ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദൂരക്കാഴ്ച പരിധി 1500 മീറ്റർ മാത്രമായിരുന്നു. 


കാറ്റും മഴയും രൂക്ഷമായതോടെ റോഡ് ഗതാഗതവും സ്തംഭിച്ചു. ഉച്ച വരെ ഇന്നലെ കനത്ത ചൂട് അനുഭവപ്പെട്ട ദൽഹിയിൽ അപ്രതീക്ഷിതമായാണ് മഴ പെയ്തത്. ദൽഹിക്കു പുറമെ സമീപ നഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും കാറ്റും മഴയും ശക്തമായിരുന്നു. 
ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റും പൊടിക്കാറ്റുമുണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ വൈകിട്ടോടെ മുഴുവൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇടിയും മിന്നലും കൊടുങ്കാറ്റും പൊടിക്കാറ്റും എത്തുകയായിരുന്നു. 
വൈകുന്നേരം അഞ്ചു മണിയോടെ മാനം ഇരുണ്ടു മൂടുകയും ഭയാനകമായ ശബ്ദത്തോടെ ഇടിയും മിന്നലും എത്തുകയുമായിരുന്നു.  ഇന്നും നാളെയും ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ മാസത്തിന്റെ തുടക്കത്തിൽ ഉത്തരേന്ത്യയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായിരുന്നു. 


 

Latest News