റിയാദ് - ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘമായ ഹൂത്തി മിലീഷ്യകൾക്ക് സാമ്പത്തിക സഹായം നൽകുന്ന നടപടി ഖത്തർ അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇറാൻ പിന്തുണ നൽകുന്ന ഏതാനും ഹൂത്തി മിലീഷ്യകളുമായി ഖത്തർ ഗവൺമെന്റ് അടുപ്പം പുലർത്തുന്നതിൽ അമേരിക്കൻ സുരക്ഷാവിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇറാന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ലെബനോനിലെ ഹിസ്ബുല്ല, ഇറാൻ റെവല്യൂഷനറി ഗാർഡ് എന്നിവയുടെ നേതൃസ്ഥാനത്ത് നിൽക്കുന്നവർക്ക് ഖത്തർ ഗവൺമെന്റ് അയച്ച ഇ മെയിലുകൾ വെളിച്ചംകണ്ടതിനെ തുടർന്നാണ് അമേരിക്ക കർശന നിർദേശം നൽകിയതെന്ന് ശ്രദ്ധേയമാണ്. സൺഡേ ടെലിഗ്രാഫ് പത്രമാണ് ഖത്തർ ഭരണനേതൃത്വത്തിലെ ഉന്നതരുടെ ഇ മെയിലുകൾ പുറത്തുവിട്ടത്. ഇതോടെ ഖത്തറിന് ഇറാൻ റെവല്യൂഷനറി ഗാർഡിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടർ ഖാസിം സുലൈമാനി, ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ല എന്നിവരുമായുള്ള സൗഹൃദം മറനീക്കി പുറത്തുവന്നത്.
മുമ്പും ഇറാൻ പിന്തുണക്കുന്ന നിരവധി ഭീകരസംഘങ്ങളുടെ നേതാക്കളുമായി ഖത്തർ അടുപ്പം പുലർത്തിയതിന്റെ നിരവധി ഉദാഹരണങ്ങൾ പരസ്യമായിരുന്നു. ലക്ഷക്കണക്കിന് ഡോളർ ഭീകര സംഘങ്ങൾക്കായി ദോഹ ചെലവഴിച്ചതിനും തെളിവുകളുണ്ട്. ഇറാഖിൽ തടവിലായ മിലീഷ്യകൾക്കായി ബില്യൺ ഡോളർ കണക്കിൽ രേഖപ്പെടുത്തിയ തുക ഖത്തർ ചെലവഴിച്ചതിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഈ ഘടകങ്ങളൊക്കെ പരിഗണിച്ചാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഖത്തറിനോട് ഭീകരർക്കുള്ള സാമ്പത്തിക സഹായം നിർത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമായി യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് കഴിഞ്ഞയാഴ്ച ആണവ കരാറിൽനിന്ന് പിൻവാങ്ങുകയാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടർച്ചെയെന്നോണമെന്നാണ് ഇറാനുമായും ഇറാൻ പിന്തുണക്കുന്ന ഭീകര സംഘങ്ങളുമായുമുള്ള ബന്ധം അവസാനിപ്പിക്കാൻ ഖത്തറിന് നിർദേശം നൽകിയത്.






