Sorry, you need to enable JavaScript to visit this website.

രാജാവിന്റെ അധ്യക്ഷതയിൽ സൗദി ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കും

റിയാദ് - ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ സൗദി അറേബ്യയുടെ പുതിയ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും. ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ ആണ് ബജറ്റ് അവതരിപ്പിക്കുക. ഈ വര്‍ഷം ബജറ്റ് മിച്ചം നേടിയ പശ്ചാത്തലത്തില്‍ വന്‍ വികസന പദ്ധതികളാണ് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. എട്ടു വര്‍ഷം നീണ്ട കമ്മിക്കു ശേഷമാണ്  ഈ വര്‍ഷം ബജറ്റ മിച്ചം കൈവരിച്ചത്.


ഈ വര്‍ഷം 90 ബില്യണ്‍ റിയാലും അടുത്ത കൊല്ലം ഒമ്പതു ബില്യണ്‍ റിയാലും 2024 ല്‍ 21 ബില്യണ്‍ റിയാലും 2025 ല്‍ 71 ബില്യണ്‍ റിയാലുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന മിച്ചം. കഴിഞ്ഞ കൊല്ലം കമ്മി 73 ബില്യണ്‍ റിയാലായിരുന്നു. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് സൗദി അറേബ്യ കഴിഞ്ഞ കൊല്ലം ബജറ്റ് കമ്മി രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 2013 ല്‍ ആണ് ഏറ്റവും അവസാനമായി മിച്ചം രേഖപ്പെടുത്തിയത്. ആ വര്‍ഷം 158 ബില്യണ്‍ റിയാല്‍ ബജറ്റ് മിച്ചം കൈവരിച്ചിരുന്നു.


വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികളുടെ ഫലമായി 2016 മുതല്‍ 2019 വരെയുള്ള കാലത്ത് ബജറ്റ് കമ്മി ക്രമാനുഗതമായി കുറഞ്ഞുവന്നു. എന്നാല്‍ 2020 ല്‍ കൊറോണ മഹാമാരിയുടെ സ്വാഭാവിക പരിണിതിയെന്നോണം ബജറ്റ് കമ്മി ഉയര്‍ന്നു. 2014 ല്‍ 100 ബില്യണ്‍ റിയാലും 2015 ല്‍ 389 ബില്യണ്‍ റിയാലും 2016 ല്‍ 311 ബില്യണ്‍ റിയാലും 2017 ല്‍ 238 ബില്യണ്‍ റിയാലും 2018 ല്‍ 174 ബില്യണ്‍ റിയാലും 2019 ല്‍ 133 ബില്യണ്‍ റിയാലും 2020 ല്‍ 294 ബില്യണ്‍ റിയാലും 2021 ല്‍ 73 ബില്യണ്‍ റിയാലുമായിരുന്നു കമ്മി.

 

 

Latest News