Sorry, you need to enable JavaScript to visit this website.

റമദാന്‍, ഹജ് വേളകളില്‍ തീര്‍ഥാടകരെ സേവിക്കാന്‍ വളണ്ടിയര്‍മാരാകാം, ഇപ്പോള്‍ അപേക്ഷിക്കണം

മക്ക - ഈ വര്‍ഷത്തെ വിശുദ്ധ റമദാനിലും ഹജ് കാലത്തും തീര്‍ഥാടകരെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മക്കയിലെ മറാകിസുല്‍ അഹ്‌യാ സൊസൈറ്റിക്കു കീഴിലെ പ്രൊജക്ട് ഓഫ് ഗ്ലോറിഫിക്കേഷന്‍ ഓഫ് സേക്രഡ് സിറ്റി അവസരമൊരുക്കുന്നു.
മക്കയിലെ യുവാക്കള്‍ നിങ്ങളുടെ സേവനത്തിന് എന്ന ശീര്‍ഷകത്തിലുള്ള പ്രോഗ്രാമിന്റെ ഭാഗമായി റമദാനിലും ഹജ് കാലത്തും വൈവിധ്യമാര്‍ന്ന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാനാണ് യുവാക്കള്‍ക്ക് അവസരമൊരുക്കുന്നത്. തീര്‍ഥാടകരെ സേവിക്കാനുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശബാബ്മക്ക ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് ഓഫ് ഗ്ലോറിഫിക്കേഷന്‍ ഓഫ് സേക്രഡ് സിറ്റി സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍ഗാംദി ആവശ്യപ്പെട്ടു.
ഈ മാസാവസാനം വരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. മക്കയിലെ യുവാക്കള്‍ നിങ്ങളുടെ സേവനത്തിന് എന്ന പ്രോഗ്രാം തീര്‍ഥാടക സേവന മേഖലയില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ത്വവാഫ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ സഹായിക്കല്‍, വഴിതെറ്റുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കല്‍, പ്രാഥമിക ശുശ്രൂഷകള്‍, തീര്‍ഥാടകരുടെ കാര്‍ പാര്‍ക്കിംഗുകള്‍ ക്രമീകരിക്കല്‍, ആസുപത്രികളില്‍ അഡ്മിറ്റില്‍ കഴിയുന്ന തീര്‍ഥാടകരുടെ പരിചരണം, വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ കാമ്പയിനുകള്‍ എന്നിവ അടക്കമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്.

 

 

Latest News