Sorry, you need to enable JavaScript to visit this website.

റെഡ് കാര്‍പറ്റിലെ കാഴ്ചകള്‍ക്കപ്പുറം സൗദിക്ക് സ്വപ്‌നമുണ്ട്, സിനിമാ പ്രവര്‍ത്തകര്‍ക്കും

റെഡ് സീ ഫൗണ്ടേഷന്‍ അധ്യക്ഷ ജുമാന അല്‍ റാഷിദ്

ജിദ്ദ- പരമ്പരാഗത വേഷമണിഞ്ഞ അറബികളും ഫാഷന്‍ വസ്ത്രമണിഞ്ഞ സ്ത്രീകളും ജിദ്ദയിലെ റെഡ് സീ അന്തരാഷ്ട്ര ചലച്ചിത്രോത്സവ വേദികളില്‍ പരന്നൊഴുകി കൗതുകക്കാഴ്ചകള്‍ സമ്മാനിക്കുമ്പോള്‍ ദശദിന ഫിലിം ഫെസറ്റിനെത്തിയ സിനിമാ മേഖലയിലെ അതികായന്മാരൊക്കെ കാണുന്നത് സൗദി വെള്ളിത്തിരയുടെ വളര്‍ച്ചയാണ്.
ഡിസംബര്‍ ഒന്നിന് തിരശ്ശീല ഉയര്‍ന്ന് പത്താം തീയതി വരെ തടരുന്ന  റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ എല്ലാ കണ്ണുകളും സൗദി അറേബ്യയുടെ വളര്‍ന്നുവരുന്ന ചലച്ചിത്ര വ്യവസായത്തിലാണ്.

റെഡ് സീ ഫിലിം ഫെസ്റ്റ് റെഡ് കാര്‍പറ്റില്‍ ലബനീസ് അമേരിക്കന്‍ നടി റൂബ സറൂര്‍.

ഒലിവര്‍ സ്‌റ്റോണ്‍, ഷാരോണ്‍ സ്‌റ്റോണ്‍, സ്‌പൈക്ക് ലീ, ഗൈ റിച്ചി, ആന്‍ഡ്രൂ ഡൊമിനിക് തുടങ്ങി മുന്‍നിരയിലുള്ള അന്തര്‍ദേശീയ താരങ്ങളേയും ചലച്ചിത്ര പ്രവര്‍ത്തകരേയും ചെങ്കടല്‍ തീരത്തുള്ള സൗദിയുടെ തുറമുഖ നഗരത്തിലെത്തിച്ചതും മറ്റൊന്നിനുംവേണ്ടിയല്ല.  റെഡ് സീ ഫിലിം ഫെസ്റ്റിന്റെ നേതൃ രംഗത്തുള്ള ജുമാന അല്‍ റാഷിദും മുഹമ്മദ് അല്‍ തുര്‍ക്കിയും മുന്നില്‍ കാണുന്നത് പിച്ചവെച്ചു തുടങ്ങിയ സൗദി ചലച്ചിത്ര വ്യവസായത്തിന്റെ ശുഭോദര്‍ക്കമായ ഭാവിയാണ്.
രാജ്യത്ത്  35 വര്‍ഷം നിലനിന്ന അപ്രഖ്യാപിത സിനിമാ വിലക്ക് 2017 അവസാനത്തില്‍ നീങ്ങിയതോടെ അതിവേഗത്തിലാണ് ചലച്ചിത്ര രംഗത്തെ സൗദിയുടെ മുന്നേറ്റം. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന ചലച്ചിത്ര, ടിവി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഊര്‍ജം പകരുകയുമാണ് വന്‍തുക ചെലവഴിച്ചുള്ള ഈ ചലച്ചിത്രോത്സവത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. സമൂഹത്തോടൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും അതുവഴി തുറക്കാന്‍ കഴിയും ഈ മേഖലയില്‍ വലിയ തൊഴിലവസരങ്ങളാണ് അധികൃതര്‍ സ്വപ്‌നം കാണുന്നതും അതിനായുള്ള വഴികള്‍ തുറന്നു കൊണ്ട് പരിശീലനങ്ങള്‍ നല്‍കുന്നത്.  

ബെല്‍ജിയം-മൊറോക്കന്‍ നിര്‍മാതാക്കളായ ആദില്‍ അല്‍ അറബിയും ബിലാല്‍ ഫല്ലഹും

അഞ്ച് വര്‍ഷത്തിനനിടെ രാജ്യത്ത് 580 സ്‌ക്രീനുകള്‍ ആരംഭിച്ചു. അല്‍ഉലയിലും നിയോമിലും രണ്ട് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തുടങ്ങി.  ഇതിനു പുറമെ, പ്രാദേശിക ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി  സൗദി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും എക്‌സിബിറ്റര്‍മാരുടെയും ശൃംഖല സ്ഥാപിച്ചിരിക്കുന്നു.  
സൗദി ഫിലിമുകളുടെ വിതരണത്തിനും മാര്‍ക്കറ്റിംഗിനും കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നതായി സൗദി ഫിലിം കൗണ്‍സിലിന്റെ പ്രഥമ സി.ഇ.ഒ ആയ ഫൈസല്‍ ബാല്‍ട്ട്‌യോര്‍ പറയുന്നു. മിക്ക സംരഭങ്ങളും നിര്‍മാണത്തിലേക്കും പോസ്റ്റ് പ്രൊഡക് ഷനിലേക്കുമാണ് നീങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. ഇക്കുറി ഇദ്ദേഹം സ്ഥപിച്ച കമ്പനിയായ സിനിവേവ്‌സിന്റെ ആറ് വിതരണ ടൈറ്റിലുകള്‍ പ്രദര്‍ശനത്തിനുണ്ട്. വിത്തിന്‍ സാന്‍ഡ്‌സ്, വാലി റോഡ് , ഹര്‍ക, ദ ലാസ്റ്റ് ക്വീ, ഹൗ ഐ ഗോട്ട് ദേര്‍, ഹാംഗിംഗ് ഗാര്‍ഡന്‍സ്.

റെബല്‍ സിനിമയിലെ താരം അബൂബുക്കര്‍ ബെന്‍സൈഹി.

മാര്‍ക്കറ്റിംഗ് പിന്തുണ ലഭിക്കുകയാണെങ്കില്‍ സൗദി ഫിലിമുകള്‍ക്ക് വിജയിക്കാനുള്ള നല്ല സാധ്യതയാണുള്ളതെന്ന് ഫൈസല്‍ പറഞ്ഞു. കൂടുതലായി പ്രദേശിക വാണിജ്യ, ഫീച്ചര്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നതോടെ സമീപ ഭാവിയില്‍ ഈ പിന്തുണ വന്നുകൊള്ളുമെന്ന ശുഭാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ സിനിമകളിലേക്ക് ഇനിയും കടന്നിട്ടില്ല. പ്രാദേശിക വിപണയിലെ മിക്ക ഫീച്ചര്‍ ഫിലിമുകളും ഇപ്പോള്‍ ഫെസ്റ്റിവലുകളാണ് ലക്ഷ്യമാക്കുന്നത്. വാണിജ്യ സിനിമകളിലേക്ക് കൂടി കടന്ന് സന്തുലിതത്വമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
സൗദി ഫിലിം വിപണി മെച്ചപ്പെടുന്നുവെന്നു തന്നെയാണ് മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടേയും അഭിപ്രായം. തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് ഇതിന്റെ ലക്ഷണമായി കരുതുന്നവരുണ്ട്.
മൂന്ന് ഫീച്ചര്‍ ഫിലിമുകളുമായി റെഡ് സീ ഫെസ്റ്റിനെത്തിയ റിയാദ് ആസ്ഥാനമായുള്ള ടെല്‍ഫാസ്11 ന്റെ സഹസ്ഥപകനും സി.ഇ.ഒയുമായ അലാ ഫദാനും നല്ല ഭാവി തന്നെയാണ് മുന്നില്‍ കാണുന്നത്. ആക് ഷന്‍ കോമഡി സട്ടര്‍, റാവന്‍ സോംഗ്, ഖല്ലത്ത് പ്ലസ് എന്നിവയാണ് മൂന്ന് ഫീച്ചര്‍ സിനിമകള്‍. ഇവയില്‍ റാവെന്‍ സോംഗ് സൗദി അറേബ്യയുടെ ഓസ്‌കര്‍ എന്‍ട്രിയാണ്. സൗദിയില്‍ സിനിമാ വിലക്ക് നീങ്ങുന്നത് വരെ യു ട്യൂബില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അലായുടെ സ്ഥാപനം ഇപ്പോള്‍ ഡിജിറ്റല്‍ കണ്ടന്‍്‌റ് നിര്‍മാണ, ഫിനാന്‍സ് കമ്പനിയാണ്.

 

Latest News