ചര്‍ച്ച് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ല; ഇടപെടാതെ സുപ്രീം കോടതി

ന്യൂദല്‍ഹി- പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍ക്കുന്നതിനു ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലും തുടര്‍നപടികളിലും ഇടപെടുന്നില്ലെന്നു സുപ്രീംകോടതി. പള്ളി ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായിയി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റുകയും ചെയ്തു.
    സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്നു നിര്‍ദേശിച്ച് ഇറക്കിയ ഉത്തരവിലായിരുന്നു പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപുമാര്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി വിധിച്ചത്. പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി പുറപ്പടിവിച്ച തുടര്‍ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നും ബത്തേരി രൂപതയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാന്‍ സുപ്രീം കോടതി വിസമതിച്ചു.
    അതേസമയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ ഹൈക്കോടതി പുറപ്പടിവിക്കുന്ന തുടര്‍ ഉത്തരവുകള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇനി ഈ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് അടുത്ത വര്‍ഷം മേയ് മാസത്തിലാണെന്നും, അതിനുമുമ്പ് സുപ്രീം കോടതി ഈ ഹര്‍ജികളില്‍ തീരുമാനം എടുക്കുമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

 

Latest News