Sorry, you need to enable JavaScript to visit this website.

കൂടപ്പിറപ്പിനു വേണ്ടി ലാത്വിയൻ നങ്ങേലിയായി ഇൽസ

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഖങ്ങളിലൊന്നായ കോവളത്ത്,  വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി കഞ്ചാവ് നൽകി പീഡിപ്പിച്ച ശേഷം കൊന്നു തള്ളിയ  കേസിലെ  രണ്ടു പ്രതികൾക്കുള്ള ശിക്ഷ എന്താണെന്ന് ഈ കോളം അച്ചടിച്ചു വരുമ്പോഴേക്കും  തീരുമാനമാകും.  തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ. സനിൽ കുമാറാണ് വിധി പറയുന്നത്. 
കൊലപാതകം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കൽ, കുറ്റകൃത്യം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ലഹരി നൽകൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ സംശയാതീതമായി തെളിഞ്ഞതായാണ് വിചാരണക്കോടതി കണ്ടെത്തിയത്. കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർടെയ്ക്കർ ജോലിയുണ്ടായിരുന്ന തിരുവല്ലം വെള്ളാർ വടക്കേ കൂനംതുരുത്തി വീട്ടിൽ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ (24) എന്നിവരെയാണ് കേസിൽ കുറ്റക്കാരെന്ന്  കോടതി കണ്ടെത്തിയത്. കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇൽസയുടെ പോരാട്ടമാണ് ഈ കേസിൽ ഇങ്ങനെയൊരു വിധിയുണ്ടാവുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 2018 ഫെബ്രുവരി മൂന്നിനാണ് ലത്വിയൻ സ്വദേശികളായ യുവതികൾ  പോത്തൻ കോട്ട ആയുർവേദ ചികിത്സ കേന്ദ്രത്തിലെത്തിയത്. സഹോദരിയുടെ വിഷാദരോഗം മാറ്റിയെടുക്കാനുള്ള വഴി തേടിയുള്ള വരവ്. 
പക്ഷേ  മാർച്ച് 14 ന്   ചികിത്സ കേന്ദ്രത്തിൽനിന്നിറങ്ങി  കോവളം ബീച്ചിലെത്തിയ   40 വയസ്സുകാരിയായ  സഹോദരിയുടെ വിധി മറ്റൊന്നായി-  ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന എത്തിയയാൾ, ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.  സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ യുവതിയുടെ മൃതദേഹം 38 ദിവസങ്ങൾക്കു ശേഷം പൊന്തക്കാട്ടിൽനിന്ന് കണ്ടെത്തുന്നതുവരെയായിരുന്നു ഇൽസയുടെ നീണ്ട യാത്രകൾ.  പോലീസ് കേസെടുത്തിരുന്നുവെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല. ഒന്നും നടക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഇൽസ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിൽ കണ്ടു. സെക്രട്ടറിയുടെ നിർദേശാനുസരണം സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശിനെയും കണ്ടു ഇൽസ. അവിടെയും നിർത്തിയില്ല. പ്രസ് ക്ലബിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ലാത്വിയൻ കോൺസലും അപ്പോഴേക്കും രംഗത്തെത്തിയിരുന്നു.   ഒന്നും നടക്കുന്നില്ലെന്നായപ്പോൾ ഹൈക്കോടതിയിലും പോയി ഇൽസ. അപ്പോഴേക്കും അന്വേഷണ കമ്മീഷനൊക്കെ രൂപീകരിക്കപ്പെട്ടിരുന്നു. ഒരിക്കൽ കൂടി മുഖ്യമന്ത്രി പിണറായി വിജയനെയും ഇൽസ കണ്ടു. ഒടുവിൽ മെയ് മൂന്നിന് പ്രതികളിലൊരാളെ പിടിച്ചു. ഡി.എൻ.എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. 
സാധാരണ ഗതിയിൽ ആരും പിടികൂടപ്പെടാൻ സാധ്യതയില്ലാത്ത ഈ കേസിൽ അത്യസാധാരണമായ പോരാട്ടമാണ് ഇൽസ സ്‌ക്രേമേനെ നടത്തിയത്. 
ഭൂഖണ്ഡം മറ്റൊന്നാണന്നതോ, കേരളത്തിലെ നിയമങ്ങൾ അറിയില്ലെന്നതോ ഒന്നും സഹോദരിയുടെ ഘാതകരെ കണ്ടുപിടിക്കുന്ന കാര്യത്തിൽ ഇൽസക്ക് തടസ്സമായില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലിയെ പോലെ ഇൽസ കേരളമാകെ ഓടി നടന്നത് 40 ദിവസമാണ്. ആറ്റുനോറ്റു വളർത്തിയ ഉണ്ണിയെ തേടി നങ്ങേലി നടന്നതെങ്ങനെയെന്ന് ഇടശ്ശേരിയെ വായിച്ചവർക്കറിയാം. കേരളത്തിലെ സകല തീരങ്ങളിലും ഇൽസ സഹോദരിയെ തേടി പോയിരുന്നു. നിങ്ങളെന്റെ പൊന്നനുജത്തിയെ കണ്ടോ എന്നവർ എല്ലാരോടും നങ്ങേലിയായി. കോവിഡ്കാല തടസ്സങ്ങൾ, ബിസിനസ് തകർന്നുപോയ അവസ്ഥ ഇതൊന്നും ലാത്വിയയിലെ നങ്ങേലിയെ അടക്കിയിരുത്തിയിരുന്നില്ല.  കേസിൽ നീതി പ്രതീക്ഷിക്കുന്നുവെന്ന് ഇൽസ പറയുന്നു.  
നീതിക്കായുള്ള പോരാട്ടം ദീർഘവും ദുർഘടവുമായിരുന്നെന്നും നല്ല മനസ്സുള്ള ധാരാളം പേർ ഒപ്പം നിന്നെന്നും ഇൽസ നന്ദിയോടെ ഓർക്കുന്നു. പോരാട്ടം അവസാനിച്ചിട്ടില്ല. പ്രതികൾ അപ്പീൽ പോയാൽ കേസ് നടത്തണം. സഹോദരിയുെട തിരോധാനം, കൊല എല്ലാം വിഷയമാക്കി പുസ്തകമെഴുതാനും ഉദ്ദേശിക്കുന്നു.  കൂടപ്പിറപ്പിനോടുള്ള  സ്‌നേഹത്തിലും ലക്ഷ്യം നേടാനുള്ള പോരാട്ട വഴിയിലും മാതൃകയാവുകയാണ് ഇൽസ. ഇനിയുള്ള ദിവസങ്ങളിലും ഈ യൂറോപ്യൻ യുവതിയും അവരുടെ കൂടപ്പിറപ്പിനോടുള്ള കളങ്കമില്ലാത്ത സ്‌നേഹവും ചർച്ചയാകും.  ഇടശ്ശേരി ഗോവിന്ദൻ നായരെന്ന കവി ഇന്നുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് പറയാമായിരുന്നു- കണ്ടോ അങ്ങ്  ലാത്വിയയിലും ജീവിക്കുന്നു   എന്റെ നങ്ങേലി. 

Latest News