കോഴിക്കോട് - ശശി തരൂർ ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളും കോൺഗ്രസിന് മുതൽക്കൂട്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. ഔദ്യോഗികമാണെങ്കിലും അല്ലെങ്കിലും തരൂരിന്റെ യാത്ര പാർട്ടിക്ക് നേട്ടമാണ്. എല്ലാ യാത്രകളും ഔദ്യോഗികമല്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ല. ഇപ്പോഴുണ്ടായ ചില പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. യു.ഡി.എഫിന് നല്ല സാധ്യതയുള്ളപ്പോൾ തർക്കങ്ങൾ ഉണ്ടാവരുതെന്നാണ് ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പറയുന്നത്. അത് തീർത്തും ശരിയായ കാര്യമാണ്. നാട്ടകം സുരേഷിനോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ചോദ്യത്തോടായി അദ്ദേഹം പ്രതികരിച്ചു.
സജി ചെറിയാനെതിരായ കേസ് പിൻവലിക്കാനുള്ള നീക്കത്തെയും അദ്ദേഹം വിമർശിച്ചു. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിക്കുകയാണ് ചെയ്തത്. ക്ലീന് ചിറ്റ് നല്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.






