Sorry, you need to enable JavaScript to visit this website.

ഇന്ത്യയെ സ്നേഹിച്ച ഫ്രഞ്ച് എഴുത്തുകാരന്‍  ഡൊമിനിക് ലാപിയര്‍ അന്തരിച്ചു

പാരീസ്-ഇന്ത്യയോട് ഏറെ സ്നേഹിച്ച പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഡൊമിനിക് കൊങ്കണ്‍ ലാപിയര്‍ ഫ്രഞ്ച് പത്രമായ വാര്‍- മാര്‍ട്ടിനോട് ഇക്കാര്യം അറിയിക്കുകയായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ 'സിറ്റി ഓഫ് ജോയ്' എന്ന നോവലാണ് അദ്ദേഹത്തിനെ ഇന്ത്യന്‍ വായനക്കാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാക്കിയത്.
1931 ജൂലായ് 30ന് ഫ്രാന്‍സിലെ ചറ്റെലൈലോണിലാണ് ജനനം. 'എ ഡോളര്‍ ഫോര്‍ എ തൗസന്‍ഡ് കിലോമീറ്റേഴ്സ്' ആണ് ആദ്യ പുസ്തകം. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ലാരി കോളിന്‍സുമായി ചേര്‍ന്ന രചിച്ച ആറ് പുസ്തകങ്ങളുടെ 50 മില്യണില്‍പ്പരം കോപ്പികളാണ് വിറ്റഴിച്ചത്. ഇവയില്‍ ഏറെ പ്രശസ്തി നേടിയ പുസ്തകമാണ് 'ഈസ് പാരീസ് ബര്‍ണിംഗ്'.
21ാം വയസിലെ വിവാഹജീവിതത്തിനിടെ ഭാര്യയുമൊത്ത് ഇന്ത്യയിലും പാക്കിസ്ഥാനിലുമടക്കം അദ്ദേഹം ജോലിനോക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആസ്പദമാക്കി ലാപിയറും കോളിന്‍സും ചേര്‍ന്ന് രചിച്ച 1975ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഏറെ വര്‍ദ്ധിപ്പിച്ചു. ഇതിന്റെ മലയാള പരിഭാഷയായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകവും ഏറെ വിറ്റഴിക്കപ്പെട്ടിരുന്നു.'ഓര്‍ ഐ വില്‍ ഡ്രസ് യു ഇന്‍ മോണിംഗ്' (1968), 'ഓ ജെറുസലേം' (1972), 'ദി ഫിഫ്ത്ത് ഹോഴ്സ്മാന്‍' (1980), 'ഈസ് ന്യൂയോര്‍ക്ക് ബര്‍ണിംഗ്' (2004) എന്നിവയാണ് ലാപിയറും കോളിന്‍സും ചേര്‍ന്ന് രചിച്ച പ്രശസ്തമായ നോവലുകള്‍.
കൊല്‍ക്കത്തിലെ റിക്ഷാക്കാരന്റെ ജീവിതത്തെ അധികരിച്ച് രചിച്ച 'സിറ്റി ഓഫ് ജോയ്' എന്ന നോവലിന്റെ വന്‍വിജയത്തില്‍ നിന്ന് ലഭിച്ച വരുമാനം ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം വിനിയോഗിച്ചത്. 24 വര്‍ഷത്തിനിടെ തന്റെ രചനകളില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ദശലക്ഷത്തോളം ട്യൂബര്‍കൊളോസിസ് രോഗികളെയും കുഷ്ഠരോഗം ബാധിച്ച 9000 കുട്ടികളെയും ചികിത്സിക്കാന്‍ സാധിച്ചതായി അദ്ദേഹം 2005ല്‍ വെളിപ്പെടുത്തിയിരുന്നു.
 

Latest News