തിരുവനന്തപുരം - നിയമസഭ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സി.കെ ആശ എന്നിവരെയും പ്രതിപക്ഷത്തു നിന്ന് കെ.കെ രമയെയും പാനലിൽ ഉൾപ്പെടുത്തി.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ ഇടംപിടിക്കുന്നത്. 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമിട്ട്, സ്പീക്കർ എ.എൻ ഷംസീറാണ് വനിതാ പാനൽ എന്ന നിർദേശം മുന്നോട്ടു വെച്ചത്. ഇതിനെ ഭരണ-പ്രതിപക്ഷം ഒരുപോലെ സ്വീകരിക്കുകയായിരുന്നു. ഭരണകക്ഷിയായ സി.പി.എം യു പ്രതിഭയുടെയും സിപി.ഐ സി.കെ ആശയുടെയും പേര് മുന്നോട്ടുവച്ചപ്പോൾ പ്രതിപക്ഷം കോൺഗ്രസിലെ ഉമാ തോമസ് ഉണ്ടായിരിക്കെ തന്നെ ആർ.എം.പി നേതാവ് കെ.കെ രമയെ നിർദേശിക്കുകയായിരുന്നു.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമില്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കേണ്ടത് ഈ പാനലിൽ ഉൾപ്പെട്ടവരാണ്. മുൻ സ്പീക്കർ എം.ബി രാജേഷ് മന്ത്രിയായതോടെ, പുതുതായി സ്ഥാനമേറ്റ എ.എൻ ഷംസീറിന്റെ നിയന്ത്രണത്തിലാണ് നിയമസഭ സമ്മേളനം നടക്കുന്നത്.