Sorry, you need to enable JavaScript to visit this website.

ലിംഗസമത്വ സത്യപ്രതിജ്ഞ  പിന്‍വലിച്ചിട്ടില്ല- കുടുംബശ്രീ ഡയറക്ടര്‍

കോഴിക്കോട്- ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്ത തള്ളി കുടുംബശ്രീ ഡയറക്ടര്‍. ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യപ്രതിജ്ഞ മലയാളത്തില്‍ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
ജെന്‍ഡര്‍ ക്യാംപയിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചതായി നേരത്തെ വിവരമുണ്ടായിരുന്നു. ചില മുസലിം  സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നാണ് കുടുംബശ്രീ അധികൃതര്‍ നല്‍കിയ വിശദീകരണം.
ജെന്‍ഡര്‍ ക്യാംപെയിന്റെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി നല്‍കിയ പ്രതിജ്ഞക്കെതിരെ ജം ഇയ്യത്തുല്‍ ഖുത്വബാ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരീഅത്ത് വിരുദ്ധമെന്നായായിരുന്ന വിമര്‍ശനം.

കുടുംബശ്രീ ഡയറക്ടറുടെ വിശദീകരണം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ 'നയി ചേതന ' എന്ന പേരില്‍ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ നടത്തിവരുന്നു.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
കേരളത്തില്‍ ഈ പരിപാടിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. നയി ചേതന ജന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ല എന്നറിയിക്കുന്നു.

Latest News