Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

യാത്ര നിരോധന ഉത്തരവ് പ്രവാസിയെ നാടുകടത്തുന്നതിന് തടസ്സമാകില്ല -കോടതി

കള്ളക്കേസുകളിൽ കുടുങ്ങിപ്പോകുന്നവർക്ക് ആശ്വാസം

റിയാദ് - പണമിടപാടിന്റെ പേരിൽ ഏർപ്പെടുത്തിയ യാത്ര നിരോധനം പ്രവാസിയെ നാടുകടത്തുന്നതിന് തടസ്സമാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതി വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് 46 ാം വകുപ്പിന്റെ ഭേദഗതി പ്രകാരമാണിത്. യാത്ര നിരോധനത്തിന്റെ പേരിൽ സൗദിയിലെ ജയിലുകളിലും മറ്റുമായി കഴിയുന്ന നിരവധി പ്രവാസികൾക്ക് പുതിയ നിയമ ഭേദഗതി ആശ്വാസമാകും.
46 ാം വകുപ്പ് ഖണ്ഡിക ഒന്ന് പ്രകാരം പ്രവാസിയെ നാടുകടത്താൻ  ബന്ധപ്പെട്ട അധികാരികൾ തീരുമാനിച്ചാൽ അദ്ദേഹത്തിന്റെ പേരിൽ യാത നിരോധന ഉത്തരവുണ്ടെങ്കിലും അത് ബാധകമാകില്ലെന്നാണ്. തനിക്ക് മറ്റൊരാൾ പണം നൽകാനുണ്ടെന്നും അതിനുള്ള തെളിവായി ഒപ്പുവെച്ച പ്രോമിസറി നോട്ട് സ്‌പോൺസറോ കമ്പനിയോ പണം ലഭിക്കാനുള്ളവരോ എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകിയാൽ എതിർകക്ഷിയോട് അഞ്ച് ദിവസത്തിനകം പണം നൽകാനോ വിശദീകരണം നൽകാനോ കോടതി ആവശ്യപ്പെടും. അദ്ദേഹത്തെ അറിയിക്കാൻ യാതൊരു വഴിയുമില്ലെങ്കിൽ പത്രപരസ്യം നൽകും. അഞ്ചു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഇദ്ദേഹത്തിനുള്ള തൊഴിൽ മന്ത്രാലയം, ജവാസാത്ത്, ബാങ്ക് സേവനങ്ങൾ മരവിപ്പിക്കുകയും പത്ത് വർഷം വരെ യാത്ര നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. 
എത്ര സംഖ്യയായാലും അത് അടച്ചുതീർക്കാതെയോ ഒത്തുതീർപ്പാക്കാതെയോ ഇക്കാലയളവിനുള്ളിൽ ഇദ്ദേഹത്തിന് തർഹീൽ വഴിയോ മറ്റോ നാട്ടിൽ പോകാൻ സാധിക്കുമായിരുന്നില്ല. ഇതാണ് 46 ാം എൻഫോഴ്‌സ്‌മെന്റ് ആർട്ടിക്കിളിൽ ഉണ്ടായിരുന്നത്. ഇത് വ്യക്തികളുടെ അവകാശവും പൊതു അവകാശവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും പൊതുതാൽപര്യം സംരക്ഷിക്കുന്നതിന് തടസ്സങ്ങളുണ്ടായതായും കണ്ടെത്തിയതിനെ തുടർന്നാണ് നിയമ ഭേദഗതി. കോവിഡിന് മുമ്പ് ഇത്തരം കേസുകൾക്ക് ജയിൽ ശിക്ഷയുണ്ടായിരുന്നുവെന്നും കോവിഡ് സമയത്ത് അത് റദ്ദാക്കിയെന്നും അഭിഭാഷകനും നിയമ വിദഗ്ധനുമായ അബ്ദുൽ കരീം അൽശമ്മരി പറഞ്ഞു. ഇപ്പോൾ 46 ാം വകുപ്പിൽ കാതലായ ഭേദഗതിയും കൊണ്ടുവന്നിരിക്കുന്നു. കോടതിയിലെത്തുന്ന പല പ്രോമിസറി നോട്ടു (സനദ് അംറ്) കളിൽ പലതും സങ്കൽപങ്ങൾക്കപ്പുറത്തുള്ളതും വ്യാജവുമാണ്. 
പ്രവാസി തൊഴിലാളിയുടെ സാമ്പത്തിക സ്ഥിതിക്കപ്പുറത്തുള്ള വലിയ സംഖ്യകളാണതിൽ ക്ലെയിം ചെയ്യാറുള്ളത്. അതനുസരിച്ച് കോടതി യാത്ര നിരോധനവും ഏർപ്പെടുത്തും. പല സമയങ്ങളിലും ഇതിന്റെ വേരുകൾ അന്വേഷിച്ചാൽ ബിനാമി ബിസിനസിലേക്കോ അല്ലെങ്കിൽ പണം ആവശ്യപ്പെടുന്നവനും പ്രവാസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിലേക്കോ ചെന്നെത്തും. പ്രോമിസറി നോട്ട് എന്ന സനദ് അംറ് ഏറ്റവുമധികം ഉപയോഗിക്കുന്നത് ബിനാമി ബിസിനസുകരാണ്. എന്നിട്ട് വ്യാജ വ്യവഹാരങ്ങളുമായി പ്രവാസിയെ സൗദിയിൽ അന്യായമായി കൂടുതൽ കാലം കുരുക്കിയിടുന്നു. നിയമ ഭേദഗതിയോടെ പലരുടെ ഗൂഢലക്ഷ്യങ്ങളും പൊളിയുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഭേദഗതിയനുസരിച്ച് സാമ്പത്തിക കേസുകൾ പ്രവാസികളുടെ പേരിൽ വന്നാൽ വിവിധ മന്ത്രാലയങ്ങളുടെ സമ്പൂർണ സേവന വിലക്ക് ഇനി മുതൽ ഉണ്ടാവില്ല. ബാങ്കുകൾ വഴിയുള്ള സാമ്പത്തിക ഇടപാടിന് മാത്രമാണ് വിലക്കുണ്ടാവുക. അറസ്റ്റ് ചെയ്യപ്പെടുകയില്ല. അതോടൊപ്പം പൊതു അവകാശം സംരക്ഷിക്കുകയും ചെയ്യും.
വിവിധ കേസുകളിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്നതിനായി തർഹീലിൽ എത്തുന്ന ഇന്ത്യൻ പ്രവാസികൾ ഇത്തരം നിയമക്കുരുക്കിൽ പെടാറുണ്ട്. പിന്നീട് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും മറ്റും ഇടപെട്ട് ഒത്തുതീർപ്പാക്കി യാത്ര നിരോധന ഉത്തരവ് പിൻവലിപ്പിച്ച ശേഷമേ അവർക്ക് യാത്രാനുമതി ലഭിക്കാറുണ്ടായിരുന്നുള്ളൂ. നിയമ നടപടികൾ പൂർത്തിയാകുമ്പോഴേക്ക് മാസങ്ങളെടുക്കും. തങ്ങളുടെ കീഴിലുള്ളവർ സ്‌പോൺസർഷിപ്പ് മാറിപ്പോകാതിരിക്കാനോ അല്ലെങ്കിൽ വൈരാഗ്യം കാരണമോ മറ്റോ തൊഴിലുടമകൾ ഇത്തരം രേഖകളിൽ ഒപ്പുവെപ്പിച്ച് കോടതികളിൽ കൊടുക്കാറുമുണ്ട്.
അന്യായമായ യാത്ര നിരോധന കേസുകൾ നിരവധിയാണെന്നും പുതിയ നിയമ ഭേദഗതി പ്രവാസികൾക്ക് ആശ്വാസമാകുമെന്നും ഇത്തരം കേസുകളിൽ ഇടപെടാറുള്ള സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.

Tags

Latest News