Sorry, you need to enable JavaScript to visit this website.

മലനിരകളിലെ ശൈത്യം തേയില വിപണിയിൽ മാന്ദ്യം സൃഷ്ടിച്ചു

കൊച്ചി- ഡിസംബറിലേയ്ക്ക് പ്രവേശിച്ചതോടെ കേരളത്തിലെ മലനിരകളിൽ ശൈത്യം ശക്തിയാർജിച്ചു, തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ള് മന്ദഗതിയിൽ. ആഭ്യന്തര വാങ്ങലുകാർ വില ഉയർത്തി കുരുമുളക് വാങ്ങി. രാജ്യാന്തര റബർ വിപണിയിലെ തളർച്ച വ്യവസായികളെ ഷീറ്റ് സംഭരണത്തിൽ നിന്നും പിന്തിരിപ്പിച്ചു. വിവാഹ സീസൺ സ്വർണ വിലക്കയറ്റത്തിന് വേഗത പകർന്നു. 
പ്രതീക്ഷിച്ച പോലെ തന്നെ മഞ്ഞ് വീഴ്ച കനത്തു, ഡിസംബർ തുടക്കത്തിൽ തന്നെ തണുപ്പിന് കാഠിന്യം കൂടിയതോടെ തേയില ഉൽപാദനം മന്ദഗതയിലായി. രാത്രിയിലെ കൊടും തണുപ്പം പകൽ വെയിലും മാറി മറിയുന്നത് കൊളുന്ത് വാട്ടത്തിന് ഇടയാക്കും. അത് മാത്രമല്ല, തേയിലയാക്കാൻ ശ്രമിച്ചാൽ അത് ഗുണ നിലവാരത്തെയും ബാധിക്കും. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലെ തോട്ടങ്ങളിലും കൊളുന്ത് നുള്ള് തടസ്സപ്പെടുന്നുണ്ട്. എന്നാൽ ഇത് തേയില വില ഉയർത്താൻ ഇടയില്ല.
കൊച്ചി ലേലത്തിൽ മാസാവസാനം ഇല തേയില വിഭാഗത്തിൽ ഓർത്തഡോക്‌സിന് കിലോ ആറ് രൂപ ഒറ്റ ആഴ്ചയിൽ കുറഞ്ഞ് കിലോ 175 രൂപയായി. സി.റ്റി.സി ഇനങ്ങൾക്ക് കിലോ രണ്ട് മുതൽ നാല് രൂപ കുറഞ്ഞ് 135 രൂപയായി. ലേലത്തിന് എത്തുന്ന ചരക്കിൽ 20 ശതമാനം വരെ വിറ്റഴിക്കാനാവാതെ കെട്ടികിടക്കുന്നു. വാങ്ങൽ താൽപര്യം ചുരുങ്ങിയതിനാൽ തോട്ടങ്ങൾ ചരക്ക് നീക്കം നിയന്ത്രിക്കാം.  
പണപ്പെരുപ്പത്തെ തുടർന്ന് യൂറോപ് ഇറക്കുമതി ചുരുക്കി. റഷ്യയും ഉക്രൈയ്‌നും തേയില സംഭരണത്തിൽ സജീവമല്ല. ഇന്ത്യൻ ചരക്ക് എടുത്തിരുന്ന ഇറാനും ലേലത്തിൽ നിന്നും പിന്നോക്കം വലിഞ്ഞു. ഡോളറിനെ തഴഞ്ഞ് രൂപ അടിസ്ഥാനമാക്കി കച്ചവടങ്ങൾക്ക് നീക്കം തുടങ്ങിയതാണ് ഇറക്കുമതികാരെ പിന്നോക്കം വലിച്ചത്. ആഭ്യന്തര കമ്പനികൾ ലേലത്തിൽ താഴ്ന്ന വിലയ്ക്ക് ചരക്ക് എടുക്കുന്നുണ്ട്. ക്രിസ്തുമസ് വരെ മുന്നിലുള്ള മൂന്നാഴ്ചകളിൽ ഇടപാടുകളുടെ തോത് ഉയരാം.  
തണുപ്പ് ശക്തമായതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയർന്നു. അതേ സമയം വാരത്തിന്റെ തുടക്കത്തിൽ മഴ നിലനിന്നതിനാൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും റബർ വെട്ട് മന്ദഗതിയിലായിരുന്നു. ചക്രവാത ചുഴി സൃഷ്ടിച്ച സമ്മർദങ്ങൾ വിട്ടകന്നതോടെ വാരത്തന്റെ രണ്ടാം പാദം കാലാവസ്ഥ തെളിഞ്ഞത് റബർ ഉൽപാദനം ഉയർത്തി.
സീസണായതിനാൽ വില ഉയർത്താതെ ചരക്ക് കൈക്കലാക്കാൻ പല പ്രമുഖ ടയർ കമ്പനികളും ശ്രമിച്ചു. വ്യവസായികളുടെ നീക്കങ്ങൾ മനസ്സിലാക്കി ഉൽപാദകർ ഷീറ്റ് വിൽപന കുറച്ചത് ഇടപാടുകളുടെ വ്യാപ്തിയെ ബാധിച്ചു. നാലാം ഗ്രേഡ് റബർ 14,500 രൂപയിലും അഞ്ചാം ഗ്രേഡ് 14,300 രൂപയിലുമാണ്.  
ചൈന ലോക്ഡൗണിന് ഇളവുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന സൂചനകൾ രാജ്യാന്തര റബറിന് ഉണർവ് പകരാം. ഷീറ്റ് സംഭരണത്തിന് ചൈനീസ് വ്യവസായികൾ മാർക്കറ്റിൽ ഇറങ്ങിയാൽ വിലക്കയറ്റത്തിന് സാധ്യത. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് കിലോ 130 രൂപയിലാണ്.
കുരുമുളകിനായി അന്തർസംസ്ഥാന വാങ്ങലുകാർ കാണിച്ച ഉത്സാഹം ഉൽപന്ന വില ഉയർത്തി. മുന്നാഴ്ചയായി കാര്യമായ ചലനങ്ങളില്ലാതെ ഉൽപന്ന വില നീങ്ങി. ഇതോടെ കാർഷിക മേഖല വിൽപനയിൽ നിന്നും പിൻതിരിഞ്ഞതാണ് വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിച്ചത്. വാങ്ങൽ താൽപര്യം കനത്തതോടെ അൺ ഗാർബിൾഡ് മുളക് വില 48,300 രൂപയിൽ നിന്നും 49,500 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 6500 ഡോളർ. 
ഏലക്ക ലേലത്തിൽ നിന്നും ചരക്ക് സംഭരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഉത്സാഹിച്ചെങ്കിലും വിലക്കയറ്റത്തെ പിടിച്ച് നിർത്തിയാണ് ഒട്ടുമിക്ക ലേലങ്ങളിലും അവർ ചരക്ക് ശേഖരിച്ചത്. നവംബർ അവസാന ദിവസങ്ങളിൽ ലേലത്തിനുള്ള ചരക്ക് വരവ് അൽപം കുറഞ്ഞെങ്കിലും ഇത് വിലക്കയറ്റം സൃഷ്ടിച്ചില്ല. വാരാവസാനം മികച്ചയിനങ്ങൾ കിലോ 1388 രൂപയിലും ശരാശരി ഇനങ്ങൾ 949 രൂപയിലും കൈമാറി. സ്വർണ വിലയിൽ വൻ മുന്നേറ്റം, പവന് 720 രൂപ പോയവാരം ഉയർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ആഭരണ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാസമാധ്യം വരെ വിവാഹ ഡിമാന്റ് തുടരുമെന്നതിനാൽ വില ഉയർത്തി പരമാവധി വിൽപനയ്ക്ക് നീക്കം നടക്കാം.കേരളത്തിൽ പവൻ 38,840 രൂപയിൽ നിന്നും 39,560 ലേയ്ക്ക് ഉയർന്നു. ഒരു ഗ്രാമിന് വില 4945 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1755 ഡോളറിൽ നിന്നും 1804 ലേയ്ക്ക് ഉയർന്ന ശേഷം വാരാന്ത്യം 1797 ഡോളറിലാണ്. 

Latest News