Sorry, you need to enable JavaScript to visit this website.

ഓഹരി സൂചികയിലെ പ്രകടനം മുൻനിര വിപണിയിൽ ഉണർവേകി

കൊച്ചി- ഓഹരി ഇൻഡക്‌സുകളിലെ റെക്കോർഡ് പ്രകടനം മുൻ നിര ഓഹരി വിലകൾ ഉയർത്തി. ബോംബെ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 63,500 പോയന്റിനും നിഫ്റ്റി 18,800 പോയന്റിനും മുകളിൽ ട്രേഡിംഗ് നടന്നു. ആഭ്യന്തര വിദേശ ഫണ്ടുകളും ഓഹരികൾക്കായി മത്സരിച്ചത് പ്രാദേശിക നിക്ഷേപകരെയും ആവേശം കൊള്ളിച്ചു. 
നവംബറിൽ നാല് ബില്യൺ ഡോളർ നിക്ഷേപത്തിന് വിദേശ ഓപറേറ്റർമാർ കാണിച്ച ഉത്സാഹം വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഉയർത്തി. എട്ട് ദിവസങ്ങളിലെ തുടർച്ചയായ കുതിപ്പ് ബുൾ ഇടപാടുകാരെ വെള്ളിയാഴ്ച ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. 
നിഫ്റ്റി സൂചിക പിന്നിട്ട വാരം 183 പോയന്റ് വർദ്ധിച്ചു. 18,512 നിന്നും ഓപ്പണിംഗ് വേളയിൽ 18,365 ലേയ്ക്ക് ഇടിഞ്ഞ അവസരത്തിൽ ബുൾ ഇടപാടുകാർ പുതിയ ബയിംഗിന് കാണിച്ച താൽപര്യം നിഫ്റ്റിയെ 18,604 ലെ നിർണായക തടസ്സം ഭേദിച്ച് എക്കാലത്തെയും ഉയർന്നതലമായ 18,888 വരെ എത്തി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 18,696 പോയന്റിലാണ്. 
ഉയർന്ന റേഞ്ചിൽ വീണ്ടും ലാഭമെടുപ്പിന് നീക്കം നടക്കാമെന്നതിനാൽ 18,500 ലെ താങ്ങിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കാം. ഈ നീക്കം വിജയിക്കാതെ വന്നാൽ വിപണി അതിന്റെ 21 ദിവസങ്ങളിലെ ശരാശരിയായ 18,373 പോയന്റിൽ സപ്പോർട്ടിൽ ശക്തിപരീക്ഷണത്തിന് മുതിരും. മുന്നേറിയാൽ 18,934 ൽ ആദ്യ പ്രതിരോധം ഉടലെടുക്കുമെങ്കിലും ഇത് മറികടന്നാൽ 19,457 പോയന്റിനെ വർഷാന്ത്യം ഉറ്റ്‌നോക്കാം.   
ഫണ്ടുകൾ മുൻ നിര ഓഹരികൾക്കായി മത്സരിച്ചതോടെ സെൻസെക്‌സ് 62,293 പോയന്റിൽ നിന്നും കഴിഞ്ഞ വാരം സൂചിപ്പിച്ച 62,800 ലെ പ്രതിരോധം തകർത്തിനൊപ്പം ഡിസംബർ ആദ്യം 63,300 റേഞ്ചിലേയ്ക്ക് പ്രവേശിക്കുമെന്ന വിലയിരുത്തൽ ശരിവെച്ച് കൊണ്ട് സർവകാല റെക്കോർഡായ 63,583 വരെ ഉയർന്നു. വെള്ളിയാഴ്ച നടന്ന ലാഭമെടുപ്പിൽ അൽപം തളർന്ന് 62,868 ൽ ക്ലോസിംഗ് നടന്നു. സെൻസെക്‌സ് 574 പോയന്റ് പ്രതിവാര നേട്ടത്തിലാണ്. 62,023 ലെ ആദ്യ താങ്ങ് ഈ വാരം നിലനിർത്താനായാൽ 63,647 ലേയ്ക്കും തുടർന്ന് 64,400 ലേക്ക് ഉയരാം. 
വിദേശ ഓപറേറ്റർമാർ 11,403 കോടി രൂപയുടെ നിക്ഷേപം പിന്നിട്ട വാരം നടത്തി. വ്യാഴാഴ്ച ഒറ്റ ദിവസം അവർ നിക്ഷേപിച്ചത് 9010 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ 3462 കോടി രൂപയുടെ വാങ്ങി, ഇതിനിടയിൽ അവർ 4800 കോടി രൂപയുടെ വിൽപനയ്ക്കും മറന്നില്ല. 
ടാറ്റാ സ്റ്റീൽ, ആർ.ഐ.എൽ, ഡോ. റെഡീസ്, സൺ ഫാർമ്മ, എയർടെൽ, വിപ്രോ, ഇൻഫോസീസ്, റ്റി.സി.എസ്, എച്ച്.സി.എൽ ടെക്, ടെക്മഹീന്ദ്ര തുടങ്ങിയവയുടെ നിരക്ക് ഉയർന്നു. അതേ സമയം എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, മാരുതി, ഐ.ടി.സി ഓഹരി വിലകൾ താഴ്ന്നു. ഡോളറിന് മുന്നിൽ രൂപ തിരിച്ചു വരവ് നടത്തി. വാരാരംഭത്തിൽ 81.62 ൽ നിലകൊണ്ട രൂപയുടെ മൂല്യം പിന്നീട് 80.97 ലേയ്ക്ക് ശക്തി പ്രാപിച്ചെങ്കിലും വാരാന്ത്യം രൂപ 81.42 ലാണ്. 
ക്രൂഡ് ഓയിൽ 74 ഡോളറിൽ നിന്നും 83 ലേയ്ക്ക് ഉയർന്ന ശേഷം ക്ലോസിംഗിൽ ബാരലിന് 80 ഡോളറിലാണ്. ഇതിനിടയിൽ റഷ്യൻ ക്രൂഡ് ഓയിൽ വിൽപനയ്ക്ക് നിയന്ത്രണം വരുത്താൻ യൂറോപ്യൻ യൂനിയൻ നീക്കം തുടങ്ങി. എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന മോസ്‌ക്കോയുടെ നിലപാടിനോട് ഒപ്പെക്ക് പ്രതികരിച്ചില്ല. 

Latest News