Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗതം അദാനിയുടെ ഏജന്റ്- രമേശ് ചെന്നിത്തല

ആലപ്പുഴ- വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗതം അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് കേന്ദ്രസേനയെ കൊണ്ടുവരണമെന്ന് പറഞ്ഞ് അദാനി ഹൈക്കോടതിയില്‍ കൊടുത്ത അപേക്ഷയ്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അദാനി പറയുന്നതാണ് പിണറായിക്ക് വേദവാക്യം. കേന്ദ്രസേന കേരളത്തില്‍ വരുന്നതിനെ എക്കാലത്തും എതിര്‍ക്കുന്നവരാണ് സി പി എമ്മുകാര്‍. ഇപ്പോള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ നേരിടാന്‍ കേന്ദ്രസേനയെ പിന്തുണക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കേരളത്തിലെ പോലീസിന് നീയന്ത്രിക്കാന്‍ കഴിയാത്തത് കൊണ്ടാണോ അദാനിയെ സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഇറക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറാകാത്തത്. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തതിന്റെ പേരില്‍ സ്ഥലത്ത് പോലുമില്ലാതിരുന്ന രൂപതാധ്യക്ഷന്‍ നെറ്റോ തിരുമേനിക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്രസേനയെക്കൊണ്ട് സമരത്തെ തകര്‍ത്ത് മത്സ്യത്തൊഴിലാളികളെ ഒറ്റപ്പെടുത്താനാണ് നീക്കമെങ്കില്‍ അത് നടക്കില്ല. സമരം ചെയ്യുന്ന തൊഴിലാളികളെ തീവ്രവാദികള്‍ എന്ന് പറഞ്ഞ് സമരം ദുര്‍ബലപ്പെടുത്താനാണ് ആരോപണം ഉന്നയിക്കുന്നത്. സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് ഒരുമന്ത്രി പറയുമ്പോള്‍ ഇല്ലെന്ന് മറ്റൊരു മന്ത്രി പറയുന്നു. വസ്തുത എന്താണെന്ന് വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകണം. സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്നത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവി അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ക്ലിഫ് ഹൗസില്‍ കാലിതൊഴുത്ത് നിര്‍മിക്കാന്‍ 43 ലക്ഷം ചെലവഴിച്ചു. ഇപ്പോള്‍ രണ്ട് നില മാത്രമുള്ള ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് വെക്കുവാന്‍ 25 ലക്ഷം ഇനി ഹെലികോപ്‌ററര്‍ ഇറങ്ങുവാന്‍ ഹെലിപാടിനായി എത്രരൂപ ചെലവാകും എന്നാണ് അിറയാനുളളത്. വിദേശയാത്ര വേണ്ട എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പരിവാരങ്ങളും ഇന്ന് വിദേശയാത്രകള്‍ നടത്തുന്നു. എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായത്. ദുര്‍വ്യയങ്ങള്‍ ഒഴിവാക്കുവാനുളള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കണം. ശശി തരൂര്‍ പരിപാടികളില്‍ പങ്കെടുക്കാത് വിവാദമാക്കേണ്ട കാര്യമില്ല.പരിപാടിയില്‍ പങ്കെടുക്കുന്നത് ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നമേ ഉളളു. ഒരു നേതാവിനും പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. പാര്‍ട്ടിയുടെ വ്യവസ്ഥാപിതമായ കാര്യങ്ങളില്‍ കൂടി വേണമെന്നേ ഉളളു ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞു. ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News