ടൊറന്റോ- കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി കാനഡ അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ ഇളവു വകുത്തുന്നു. ഓപണ്‍ വര്‍ക് പെര്‍മിറ്റ് ഉടമകളുടെ കുടുംബാംഗങ്ങള്‍ക്കും വര്‍ക്ക് പെര്‍മിറ്റ് യോഗ്യത നല്‍കാനാണ് നീക്കം. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും മറ്റ് വിദേശികള്‍ക്കും ഈ നീക്കം പ്രയോജനം ചെയ്യും.
ഓപണ്‍ വര്‍ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് കാനഡയില്‍ ഏത് തൊഴിലുടമക്കു കീഴിലും ഏത് ജോലിയും ചെയ്യാം.
ഇമിഗ്രേഷന്‍, അഭയാര്‍ഥി, പൗരത്വ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ വെള്ളിയാഴ്ചയാണ് താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നീട്ടുന്നതായി പ്രഖ്യാപിച്ചത്.
2023 മുതല്‍, പ്രധാന അപേക്ഷകന്റെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും കാനഡയില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടാവുമെന്ന് ഫ്രേസര്‍ ട്വീറ്റ് ചെയ്തു.
'കാനഡയിലേക്കുള്ള പ്രധാന അപേക്ഷകനെ അനുഗമിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത വിപുലീകരിക്കുന്നത് തൊഴിലുടമകള്‍ക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കുകയും തൊഴില്‍ ക്ഷാമം കുറക്കുകയും ചെയ്യും- അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
തൊഴിലാളികളുടെ അഭാവമാണ് തങ്ങളുടെ ഏറ്റവും വലിയ തടസ്സമായി രാജ്യത്തുടനീളമുള്ള തൊഴിലുടമകള്‍ തിരിച്ചറിയുന്നതെന്നും ഫ്രേസര്‍ പറഞ്ഞു.
പുതിയ നടപടിയിലൂടെ ചുരുങ്ങിയത് 200,000 വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലില്‍ ജോലി ചെയ്യുന്നവരുടെ കുടുംബത്തിന് മാത്രമേ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ.