കർണാടകയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ? നിലപാടയറിയിച്ച് ജെഡിഎസ്

ബംഗളൂരു- കർണാടക തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് പുറത്തു വന്ന എക്‌സിറ്റ് പോളുകൾ തൂക്കുസഭ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചതോടെ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ പാർട്ടിയായ ജനതാദൾ സെക്യുലർ (ജെ.ഡി.എസ്) വീണ്ടും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നു. കോൺഗ്രസിനും ബി.ജെ.പിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പുതിയ സർക്കാരിന് ആരു നേതൃത്വം നൽകണമെന്ന് തീരുമാനിക്കുക ജെ.ഡി.എസാകും. എന്നാൽ ഇരുപാർട്ടികളിൽ നിന്നും തങ്ങൾക്ക് മോശം അനുഭവമാണ് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് നേരത്തെ പറഞ്ഞ ജെ.ഡി.എസ് ഇനിയെടുക്കുന്ന നിലപാടായിരിക്കും നിർണായകം. ഇതു സംബന്ധിച്ച് ചില സൂചനകൾ നൽകുന്നതാണ് ജെ.ഡി.എസ് വക്താവ് ഡാനിഷ് അലിയുടെ പുതിയ പ്രതികരണം. 

ബി.ജെ.പിയെ ജെ.ഡി.എസ് പിന്തുണച്ചേക്കുമെന്ന ഊഹാപോഹങ്ങൾ അദ്ദേഹം തള്ളി. എന്നാൽ കോൺഗ്രസ് ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റ കക്ഷിയായാൽ സഹായം തേടി ജെ.ഡി.എസിനെ സമീപിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നാണ് ഡാനിഷ് അലി പറഞ്ഞത്. ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല. കോൺഗ്രസ് ജയിച്ചില്ലെങ്കിൽ, ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ ആരെ കൂട്ടണമെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. 2019ൽ എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഒരുങ്ങുന്നതെങ്ങനെയെന്ന് തീരുമാനിക്കേണ്ടതും അവരാണ്-ഡാനിഷ് അലി പറഞ്ഞു. 

ഒമ്പത് എക്‌സിറ്റ് പോളുകൾ ഒന്നിച്ച് പരിഗണിച്ചാൽ 97 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. കോൺഗ്രസിന് 90 സീറ്റുകളും ലഭിക്കും. 31 സീറ്റുകൾ ജെഡിഎസിനും ലഭിക്കുമെന്നാണ് പ്രവചനം. 222 അംഗ നിയമസഭയിൽ ഒറ്റയ്ക്ക് ഭരണം പിടിക്കാൻ 112 സീറ്റുകൾ വേണം. ഈ പ്രവചനം യാഥാർത്ഥ്യമായാൽ ജെഡിഎസിന്റെ 31 സീറ്റുകൾക്കായിരിക്കും മൂല്യമേറുക. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാർട്ടി മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും കർണാടകയിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നു ദേവ ഗൗഡ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞിരുന്നെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ സ്വന്തമായി സർക്കാർ രൂപീകരിക്കുമെന്ന വാദത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് ജെഡിഎസ്.

അതേസമയം ഒറ്റയ്ക്ക് ഭരണം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഇപ്പോഴും. ഈ അവസരത്തിൽ അവർ ദേവഗൗഡയുടെ പാർട്ടിയുടെ പിന്തുണ തേടാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നില്ല. കോൺഗ്രസിന് സ്വന്തമായി തന്നെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതികരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്നത് പറയുന്നത് എക്‌സിറ്റ് പോളുകൾ മാത്രമാണെന്നും എക്‌സാക്റ്റ് പോൾ അങ്ങനെ ആയിരിക്കില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി വീരമപ്പ മൊയ്‌ലി പറഞ്ഞു.

എക്‌സിറ്റ് പോൾ പ്രവചനം ഫലിച്ചാൽ പിന്നീട് ഉരുത്തിരിയാൻ സാധ്യതയുള്ള കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് ചില സങ്കീർണതകൾ കൂടിയുണ്ട്. മുൻ ജെഡിഎസ് നേതാവായ സിദ്ധാരാമയ്യ പാർട്ടി വിട്ട് 2005ൽ കോൺഗ്രസിലെത്തിയ ആളാണ്. ദേവഗൗഡയുടെ മകൻ എച്ച്.ഡി കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രി ആയിട്ടുമുണ്ട്. എന്നാൽ കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസിൽ നിന്നും പാർട്ടിയെ രക്ഷിക്കാനായിരുന്നുവെന്നാണ് ഡാനിഷ് അലി പറയുന്നത്. പ്രാദേശിക മതേതര പാർട്ടികളെ തകർക്കാനാണ് കോൺഗ്രസ് ഊർജ്ജം ഉപേയാഗിച്ചിട്ടുള്ളത്. ഇതുകാരണമാണ് 21 സംസ്ഥാനങ്ങൾ ബിജെപിക്ക് ലഭിച്ചത്-ഡാനിഷ് അലി പറയുന്നു.

Latest News