ന്യൂദല്‍ഹി- ജഡ്ജിമാരുടെ നിയമനത്തിനായി ഉണ്ടായിരുന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മീഷന്‍ നിര്‍ത്തിലാക്കിയതിനെതിരേ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍.സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിനെ വേദിയിലിരുത്തിയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. എന്‍.ജെ.എ.സി സംവിധാനം നീക്കം ചെയ്തത് ഒരു ഗുരുതര വിഷയമാണെന്നും ധന്‍കര്‍ പറഞ്ഞു.എല്‍.എം സിംഗ്വി അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ജനങ്ങളുടെ ഇച്ഛയനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം സുപ്രീംകോടതി ഇടപെട്ട് ഇല്ലാതാക്കി. ഭരണഘടനയുടെ ആമുഖത്തില്‍ ജനങ്ങളാല്‍ എന്നാണ് പറയുന്നത്. ആ ജനങ്ങളുടെ ഇച്ഛയാണ് പാര്‍ലമെന്റ് പറയുന്നത്. അധികാരം എന്നു പറയുന്നത് ജനങ്ങളിലാണ്. അവരുടെ ഭൂരിപക്ഷവും വിവേകവുമാണ് അധികാരത്തെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ജെ.എ.സി നിയമം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഏകകണ്ഠേന പാസായതായിരുന്നു. ഇക്കാര്യമാണ് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്. അപ്രകാരം പാസായ ഒരു നിയമം കോടതി ഇല്ലാതാക്കിയത് ലോകത്തെവിടെയും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
എന്‍.ജെഎസി നീക്കം ചെയ്തിട്ടാണ് സുപ്രീംകോടതി കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയത്. ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കായി അവര്‍ ഒരു വരേണ്യ ജുഡീഷ്യല്‍ സംവിധാനം രൂപീകരിക്കുയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാപരമായ ഒരു സംവിധാനത്തിന് ഇത്തരത്തില്‍ ഒരു ബദല്‍ ഉണ്ടാക്കുന്നത് ലോകെത്തെവിടെയെങ്കിലും കാണാന്‍ കഴിയുമോ എന്നും ചോദിച്ചു.






