റായ്പൂര്‍- ഛത്തീസ്ഗഡിലെ ഉന്നത ഉദ്യോഗസ്ഥയും മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുമായ സൗമ്യ ചൗരസ്യയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നാല് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്ക് വിടുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ അകമ്പടിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
ഛത്തീസ്ഗഡില്‍നിന്ന് അയക്കുന്ന ഒരോ ടണ്‍ കല്‍ക്കരിയില്‍നിന്നും 25 രൂപ വീതം അനധികൃതമായി ലെവി ഈടാക്കുന്നുവെന്ന, ആദായനികുതി വകുപ്പിന്റെ പരാതിയിന്മേലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥരും ബിസിനസുടമകളും രാഷ്ട്രീയക്കാരും ഇടനിലക്കാരുമെല്ലാമടങ്ങുന്ന വലിയ സംഘമാണ് ഇതിനു പിന്നിലെന്നാണ് ലഭിച്ച വിവരം.






