വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല, ഇഷ്ടക്കേടുള്ളവര്‍ വരണ്ട- തരൂര്‍

കോട്ടയം - വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാന്‍ കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസ് എം.പിയാണ്. മുമ്പും പലസ്ഥലത്തും പോയിട്ടുണ്ടെങ്കിലും ഇതുപോലെ വിവാദം ഉയര്‍ന്നുവന്നിട്ടില്ല. പുതിയ സാഹചര്യം എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

അടുത്തിടെ സന്ദര്‍ശിച്ച സ്ഥലങ്ങളെല്ലാം മുമ്പ് എപ്പൊഴെങ്കിലും പ്രഭാഷണത്തിനോ യോഗത്തില്‍ പങ്കെടുക്കുന്നതിനോ ഒക്കെ പോയിട്ടുള്ളതാണ്. ഇത്തവണ ചിലര്‍ വിവാദം ഉണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് അവരോടുതന്നെ ചോദിക്കണം. എന്റെ ഭാഗത്തുനിന്ന് ഒരു വിവാദവുമില്ല. പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. ആര്‍ക്കെതിരെയും സംസാരിക്കുന്നില്ല.
കെ.എം ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനാണ് കോട്ടയത്ത് വന്നത്. അത് പാര്‍ട്ടി പരിപാടിയല്ല. പക്ഷേ അദ്ദേഹം ആരായിരുന്നു. മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍കൂടി ആയിരുന്നില്ലേ? കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷനും ഡി.സി.സി. പ്രസിഡന്റും ജനതാത്പര്യപ്രകാരം പങ്കെടുത്തോട്ടെ.  യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചപ്പോള്‍ വരാമെന്ന് പറഞ്ഞു. താത്പര്യമുള്ളവര്‍ വരട്ടെ. ഇഷ്ടക്കേടുള്ളവര്‍ വരാതിരിക്കട്ടെ. അല്ലാതെ എന്താണ് പറയുക.

സംഘടനാ ചട്ടക്കൂട് മറികടന്നുവെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ ഭാഗമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. അവര്‍ ക്ഷണിച്ച പരിപാടി എങ്ങനെ സംഘടനക്ക് വിരുദ്ധമാകും എന്ന് എനിക്ക് മനസിലാകുന്നില്ല. 14 വര്‍ഷമായി എവിടെ പോയാലും ഡി.സി.സി പ്രസിഡന്റിനോട് പറയാതെ പോകാറില്ല. അതെല്ലാം സാധാരണ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. തന്റെ ഓഫീസില്‍നിന്ന് ബന്ധപ്പെട്ടവരെ അറിയിക്കും. അവര്‍ക്ക് മെസേജ് ലഭിച്ചോ ഇല്ലയോ എന്ന് അറിയില്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ല. വിവരം അറിഞ്ഞില്ലെന്ന് ഡിസിസി പ്രസിഡന്റ് കള്ളം പറയുകയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കില്‍ തരൂര്‍ മറുപടി പറഞ്ഞില്ല.

 

Latest News