അവയവ മാറ്റത്തിലെ കരുത്തുറ്റ ചുവട്‌ വെപ്പ്

അവയവങ്ങൾ മാറ്റിവെയ്ക്കുന്നത് എന്തോ മഹാപരാധമാണെന്ന ചിന്ത പണ്ട് കാലത്ത് സമൂഹത്തിൽ രൂഢമൂലമായിരുന്നു. എന്നാൽ ബോധവത്ക്കരണത്തിലൂടെയും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയുമുണ്ടായ സാമൂഹ്യ പുരോഗതിയുടെ ഭാഗമായെല്ലാം ഇത്തരം അന്ധവിശ്വാസങ്ങൾക്ക് വലിയ പരിധി വരെ അറുതി വരുത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ധാരാളം അവയവമാറ്റ ശസ്ത്രക്രിയകൾ ഇപ്പോൾ നടക്കുകയും വിജയകരമായി മാറുകയും ചെയ്യുന്നുണ്ട്.
മായം കലർന്ന ഭക്ഷണവും ഫാസറ്റ് ഫുഡ് ശീലവും ജീവിതശൈലി രോഗങ്ങളുമെല്ലാം കരളും ഹൃദയവും വൃക്കയും ഉൾപ്പെടെയുള്ള മനുഷ്യരുടെ പ്രധാന അവയവങ്ങളെയെല്ലാം നശിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതലായുള്ളത്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പ്രചാരമേറിയിട്ടുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതിനുള്ള ചെലവുകളും തുടർ ചികിത്സയുമെല്ലാം താങ്ങാൻ കഴിയാത്തതാണ്. ലക്ഷങ്ങൾ പോക്കറ്റിലുണ്ടെങ്കിൽ മാത്രമേ അവയവമാറ്റത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുകയുള്ളൂവെന്നർത്ഥം. അതുകൊണ്ട് തന്നെ സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർക്ക് മാത്രമായി അവയവമാറ്റ ശസ്ത്രക്രിയകൾ നിലവിൽ പരിമിതപ്പെടുകയാണ്. അതിന് മാറ്റം വരേണ്ടത് ആരോഗ്യ പുരോഗതിക്ക് ആവശ്യമാണ്.
ഈ സാഹചര്യത്തിലാണ് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ ഇന്ത്യയിൽ ആദ്യത്തേയും ലോകത്തിലെ നാലാമത്തെയും അവയവമാറ്റ ആശുപത്രി കോഴിക്കോട്ട് സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകുകയും ഇന്ത്യയിലെ പ്രശസ്ത വൈദ്യശാസ്ത്ര പഠന ഗവേഷണ സ്ഥാപനമായ പോണ്ടിച്ചേരിയിലെ ജിപ്മറിലെ ഡോ.ബിജു പൊറ്റക്കാട്ടിനെ അവയവമാറ്റ ആശുപത്രിയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാത്യകയാണ് ഈ തീരുമാനമെന്ന കാര്യത്തിൽ സംശയമില്ല. അവയവമാറ്റത്തിന് സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളും അവയവമാറ്റ ചികിത്സയിൽ ഉന്നത ഗവേഷണത്തിനുള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ഈ ആശുപത്രിയെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇത് പൂർത്തിയായാൽ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഒരു നാഴികക്കല്ലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വാകാര്യ ആശുപത്രികളെ അപേക്ഷിച്ച് 40 ശതമാനം ചെലവിൽ അവയവമാറ്റ ശസ്ത്രക്രിയകൾ ഇവിടെ നടത്താനാകുമെന്നാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ സാമ്പത്തിക പരാധീനതകൾ മൂലം അവയവ മാറ്റത്തിന് സാധ്യമല്ലാതെ കഴിയുന്ന ആയിരക്കണക്കിന് രോഗികൾക്ക്  ജീവൻ തിരിച്ചു പിടിക്കുന്നതിനുള്ള മാർഗമായി അത് മാറും. അവയവമാറ്റ ആശുപത്രിക്ക് വേണ്ടി ആദ്യഘട്ടത്തിൽ 500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ 20 ഏക്കർ ഭൂമിയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. 500 കിടക്കകൾ സജ്ജീകരിക്കാനാണ് തീരുമാനം.
കേരളത്തിലെ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സർക്കാറിന്റെ ഈ സംരംഭം വലിയൊരു അനുഗ്രഹമായിരിക്കും. ചുവപ്പ് നാടകളിൽ കുടുങ്ങാതെ എത്രയും വേഗം അവയവമാറ്റ ആശുപത്രിയുടെ പ്രവർത്തനം സാധ്യമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സർക്കാറിന്റെ കീഴിൽ കൊണ്ടുവരുന്ന പദ്ധതികൾ പൂർത്തീകരിക്കാൻ വർഷങ്ങൾ വേണ്ടി വരികയോ അല്ലെങ്കിൽ പാതിവഴിയിൽ നിലച്ചുപോകുകയോ ചെയ്യുന്ന പതിവുണ്ട്. അവയവമാറ്റ ആശുപത്രിയുടെ കാര്യത്തിൽ ഇതുണ്ടാകരുത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച സമയത്ത് നടക്കുന്നോണ്ടോയെന്ന് പരിശോധിക്കാനായി ജനപ്രതിനിധികളും ആരോഗ്യമേഖലയിലെ വിദഗ്ധരും ഉൾപ്പെട്ട ഒരു മോണിറ്ററിംഗ് കമ്മറ്റിയെ സർക്കാർ നിശ്ചയിക്കുന്നത് ഉചിതമായിരിക്കും. സാമ്പത്തിക-സാങ്കേതിക തടസങ്ങളെല്ലാം കൃത്യസമയത്ത് തന്നെ പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ ഉദ്ദേശിച്ച സമയത്തിനുള്ളിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
അവയവമാറ്റത്തിനായി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി സ്ഥാപിച്ചതുകൊണ്ട് മാത്രമായില്ല, അവയവമാറ്റ ചികിത്സയിലെ നിലവിലുള്ള തടസങ്ങളും പുഴുക്കുത്തുകളും ഒഴിവാക്കേണ്ടതുണ്ട്. വലിയ തോതിൽ തട്ടിപ്പ് നടക്കുന്ന മേഖലകളിലൊന്നാണ് അവയവമാറ്റ ചികിത്സ. പല സ്വകാര്യ ആശുപത്രികളുടെയും സഹായത്തോടെ അവയവമാറ്റത്തിന്റെ പേരിൽ പാവപ്പെട്ടവരിൽനിന്ന് കോടികൾ അടിച്ചെടുക്കുന്ന റാക്കറ്റുകൾ കേരളത്തിൽ കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്. 
നിരവധി പരാതികളും അന്വേഷണങ്ങളുമെല്ലാം ഇത് സംബന്ധിച്ച് നടക്കാറുണ്ടെങ്കിലും അവയവ മാഫിയ കാലം ചെല്ലുംതോറും തടിച്ച് കൊഴുക്കുകയാണ്. നിയമവിരുദ്ധമായി വ്യാപകമായ അവയവ കച്ചവടമാണ് ഈ റാക്കറ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. 
അവയവമാറ്റത്തിനായി വേണ്ടിവരുന്ന പണത്തിന്റെ പതിൻമടങ്ങ് തുകയാണ് ഇവർ രോഗികളിൽനിന്ന് ഈടാക്കുന്നത്. ഒരാളുടെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയാൽ തന്നെ പത്തും പതിനഞ്ചും ലക്ഷം രൂപ ഈ റാക്കറ്റിൽപെടുന്നവർ പോക്കറ്റിലാക്കുന്നു. ഇതിന്റെ ഒരു വിഹിതം ഇതിന് കൂട്ടുനിൽക്കുന്ന ആശുപത്രി  അധികൃതർക്കും ഡോക്ടർമാർക്കുമെല്ലാം നൽകുന്നുണ്ട്. നിത്യജീവിതത്തിന് പോലും വഴിയില്ലാത്തവരെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് തുച്ഛ തുക നൽകിക്കൊണ്ട് ഇവരുടെ അവയവങ്ങൾ അടിച്ചു മാറ്റുകയാണ് ഇത്തരം റാക്കറ്റുകാർ ചെയ്യുന്നത്. 
ഇവർ നൽകുന്ന പണം അവയവദാതാവിന്റെ തുടർ ചികിത്സയ്ക്ക് പോലും തികയില്ലെന്നതാണ് യാഥാർത്ഥ്യം. പണമുള്ളവന്റെ ജീവിത സ്വപ്‌നങ്ങൾക്ക് വേണ്ടി പാവപ്പെട്ടവനെ ഇരയാക്കുന്ന ക്രൂരതയാണ് അവയവദാനത്തിന്റെ പേരിൽ മിക്കപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം റാക്കറ്റുകൾക്കു നേരെ സർക്കാറും നിയമസംവിധാനങ്ങളും കണ്ണടക്കുകയാണ് ചെയ്യുന്നത്. അത് തന്നെയാണ് ഇവർ തടിച്ചുകൊഴുക്കാനുള്ള കാരണവും.
അവയവദാനവുമായി ബന്ധപ്പെട്ട സർക്കാറിന്റെ നടപടികളും അവയവദാന റാക്കറ്റുകളുടെ വളർച്ചയ്ക്ക് മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ബന്ധുക്കൾ തമ്മിലുള്ള അവയവദാനം സർക്കാറിന്റെ നിരവധി നൂലാമാലകളിൽ കുടുങ്ങി മുടങ്ങുന്ന സ്ഥിതിയാണുള്ളത്. അവയവ മാറ്റത്തിന് സർക്കാർ നിശ്ചയിച്ച മെഡിക്കൽ ബോർഡിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. അവയവക്കച്ചവടം തടയുന്നതിനാണ് ഈ നിബന്ധന കൊണ്ട് വന്നതെങ്കിലും രക്തബന്ധത്തിലുള്ളവർ തമ്മിൽ എളുപ്പത്തിലുള്ള അവയവദാനത്തിന് പോലും വലിയ കാലതാമസം ഉണ്ടാകുന്ന സ്ഥിതിയുണ്ട്. അവയവം സ്വീകരിക്കേണ്ടയാൾ അതീവ ഗുരുതരാവസ്ഥയിലെത്തിയശേഷമോ ഒരുപക്ഷേ മരണം തന്നെ സംഭവിച്ചതിന് ശേഷമോ ആയിരിക്കും അവയവദാനത്തിനുള്ള അനുമതി ലഭിക്കുക. ഇത്തരം കാര്യങ്ങളിൽ സർക്കാർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. 
ഗുരുതര രോഗം ബാധിച്ച് അവയവദാതാവിനെ കാത്ത് കിടക്കുന്ന ആയിരക്കണക്കിന് രോഗികളുണ്ട്. ദാതാവിനെ കണ്ടെത്താനാകാത്തത് മൂലം അവരിൽ വലിയ ഭാഗവും മരണപ്പെടുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി മാറുന്നതിനായി അവയവമാറ്റത്തെ സംബന്ധിച്ച് വ്യാപകമായ ബോധവത്ക്കരണത്തിന് സർക്കാറും സന്നദ്ധ സംഘടനകളുമെല്ലാം തയ്യാറാകണം. രക്തദാനം പോലെ അവയവദാനവും വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സുരക്ഷിതമായ അവയവമാറ്റം മറ്റൊരാളുടെ ജീവൻ കാക്കുകയാണെന്ന ബോധം ജനങ്ങളിൽ വളർത്തിയെടുക്കണം. മത- രാഷ്ട്രീയ സംഘടനകൾക്ക് ഇക്കാര്യത്തിൽ വളരെയധികം പങ്കുവഹിക്കാനാകും. ഇത്തരം ബോധവത്ക്കരണങ്ങളിലൂടെയാണ് കേരളത്തിൽ ഇന്ന് രക്തദാനം മഹാവിപ്ലവമായി മാറിയത്. അവയവദാനത്തിന്റെ കാര്യത്തിലും ഇത്തരം ശ്രമങ്ങൾ നടത്തിയാൽ ആരോഗ്യമേഖലയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് അതൊരു കരുത്തുറ്റ ചുവടുവെപ്പാകും.

Latest News