കുടുംബശ്രീ സര്‍ക്കുലറിലെ തുല്യസ്വത്തവകാശ  പ്രതിജ്ഞയ്‌ക്കെതിരെ  സമസ്ത നേതാവ്

കോഴിക്കോട്- ജെന്‍ഡര്‍ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന സത്യപ്രതിജ്ഞ ഭരണഘടനയുടെ മൗലികാവകാശ നിഷേധനമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പയിിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറില്‍ മൗലികാവകാശ ലംഘനമുണ്ടെന്നാണ് സമസ്ത നേതാവ് ആരോപിക്കുന്നത്. പ്രതിജ്ഞയില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നാസര്‍ ഫൈസി ചൂണ്ടിക്കാട്ടുന്നത്.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകള്‍... തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്‍കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവമ്പര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുമ്പോള്‍ ശ്രേഷ്ടകരമായ പലതിനോടും ചേര്‍ത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്. നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജന്‍ഡര്‍ റിസോഴ്‌സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിര്‍ദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തില്‍ 'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്.
സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്.
ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റെയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും-കൂടത്തായി വ്യക്തമാക്കി, 

            

Latest News