പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി  മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം

തിരുവനന്തപുരം- പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം.  രോഗിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടെനാണ് കുടുംബത്തിന്റെ ആരോപണം.  അതുകൊണ്ടുതന്നെ കൊലപാതക സാധ്യതയടക്കം പോലീസും പരിശോധിക്കുന്നുണ്ട്.
കൊല്ലം ശൂരനാട് സ്വദേശിനിയായ സ്മിതാകുമാരിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടില്‍വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്  ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്മിതാകുമാരിയെ  പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്.  ശേഷം വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.   ഈ സെല്ലിലാണ് ചൊവാഴ്ച വൈകിട്ട് 5 മണിയോടെ സ്മിതാകുമാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ സ്മിതയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളജിലെത്തും മുന്‍പ് സ്മിതയുടെ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇതിനു മുന്‍പും രണ്ടു തവണ സ്മിതാകുമാരി ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. മരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറന്‍സിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. 

Latest News