മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന സി.ബി.ഐയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. സി.ബി.ഐ റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്നും പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും കോടതി നിശിത വിമർശനം നടത്തിയിട്ടുണ്ട്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകൾ ഒന്നും റിപ്പോർട്ടിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സി.ബി.ഐയോട് നിർദേശിച്ചു. കേസിൽ കണ്ടെത്തലുകളേക്കാൾ വിധിയെഴുതാനാണ് ശ്രമിച്ചതെന്നും സി.ബി.ഐയെപ്പോലൊരു ഏജൻസി ഇങ്ങനെ തരംതാഴാൻ പാടില്ലായിരുന്നുവെന്ന് തുറന്നടിച്ച കോടതി, പ്രീമിയർ കുറ്റാന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണ് കളങ്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. മാത്രമല്ല മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും നിർദ്ദേശിച്ചു. സിബിഐ ഡയറക്ടർ നേരിട്ട് കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേൽനോട്ടച്ചുമതല അനുഭവ സമ്പത്തുളള ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നും നിർദേശിച്ചു.
ശശീന്ദ്രൻ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുമ്പോൾ, ശശീന്ദ്രൻ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കിനിന്നുവെന്നത് വിശ്വസനീയമല്ല.
ശബ്ദമൊന്നും വീട്ടിൽനിന്നും കേട്ടില്ലെന്ന അയൽവാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്. മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനെയും മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 ന് രാത്രിയാണ് കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി സിബിഐക്കു വിട്ടു. ശശീന്ദ്രന്റെയും മക്കളുടേയും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. തുടർന്ന് 2018 ജൂലായിൽ ശശീന്ദ്രന്റെ ഭാര്യ ടീനയും മരണമടഞ്ഞിരുന്നു. ശശീന്ദ്രന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ ആദ്യം സമീപിച്ചത് ടീനയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ടീനയുടെ മരണം. വൃക്കരോഗത്തെ തുടർന്ന് കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. ഈ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ശശീന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേഹത്തിന്റെ പിതാവ് വേലായുധൻ മാസ്റ്റർ 2020 ഒക്ടോബർ ഒന്നിന് മരണമടഞ്ഞിരുന്നു.
മലബാർ സിമന്റ്‌സിലെ അഴിമതികളെ ശശീന്ദ്രൻ എതിർത്തതിന്റെ പേരിലായിരുന്നു ഈ സംഭവങ്ങളെല്ലാം ഉണ്ടായതെന്നാണ് ആരോപണം. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വി.ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതക കേസും മലബാർ സിമന്റ്‌സിലെ അഴിമതി കേസുകളും അനന്തമായി നീട്ടിയും കേസ് ഫയലുകൾ കോടതിയിൽ നിന്ന് മോഷ്ടിച്ചു അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്തിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രം ഹൈക്കോടതിയിൽ ഹാജരാക്കണമെന്ന കോടതി നിർദ്ദേശം സി.ബി.ഐ പാലിച്ചില്ല. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു കാരണം മലബാർ സിമന്റ്‌സിലെ അഴിമതിയാണെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് അതന്വേഷിക്കണമെന്നുമുള്ള ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാസ്റ്ററും ജോയ് കൈതാരത്തും നൽകിയ കേസ് ഫയലാകട്ടെ ഹൈക്കോടതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനു വിരോധമില്ലെന്നു ചൂണ്ടിക്കാണിച്ച് സംസ്ഥാന വിജിലൻസ് മേധാവിയും പോലീസ് മേധാവിയും സർക്കാരിനെഴുതിയ കത്തിന്റെ പശ്ചാത്തലത്തിൽ സഹോദരൻ നൽകിയ കേസിന്റെ ഫയലും അപ്രത്യക്ഷമായി.
അതിനിടെയാണ് കുപ്രസിദ്ധമായ വ്യാപം അഴിമതിക്കു സമാനമായി പല സംഭവങ്ങളും നടന്നത്. ശശീന്ദ്രൻ വധത്തിൽ സാക്ഷിമൊഴി കൊടുത്ത മലബാർ സിമന്റ്സിലെ തന്നെ സ്റ്റാഫ് ആയിരുന്ന സതീന്ദ്രകുമാർ പിന്നീട് തികച്ചും സംശയാസ്പദമായി കൊല്ലപ്പെട്ടു. സതീന്ദ്രനെ ഇടിച്ചത് കോയമ്പത്തൂരിലെ ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ലാത്ത, സർവീസിൽ അല്ലാത്ത ഒരു ബസായിരുന്നു. അതും 'അപകടമരണ'മായി എഴുതിത്തള്ളപ്പെട്ടു. ശശീന്ദ്രൻ കേസിലെ സാക്ഷിമൊഴി തിരുത്താൻ പ്രലോഭനവും ഭീഷണിയുമൊക്കെ ഉണ്ടായിരുന്നതായി സതീന്ദ്രന്റെ ഭാര്യ പറഞ്ഞിരുന്നു. ആ ബസോടിച്ച ഡ്രൈവറും പിന്നീട് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. അന്ന് സതീന്ദ്രനെ ആ സ്പോട്ടിൽ വിളിച്ചു നിർത്തിയ ആൾ പിന്നീട് 'ആത്മഹത്യ' ചെയ്തു. ശശീന്ദ്രന്റെ ഭാര്യ ടീന എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കടുത്ത പനിയെ തുടർന്ന്് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില മോശമായി. വൃക്കകളുടെ പ്രവർത്തനവും തകരാറിലായെന്ന് ഡോക്ടർമാർ പറഞ്ഞു.
മസ്തിഷ്‌കമരണവും ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞത്രെ. എന്നാൽ ടീന ആരോഗ്യവതിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മസ്തിഷ്‌കമരണം ഉൾപ്പെടെ ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ആ അവസ്ഥയിൽ ആരൊക്കെയോ ചേർന്ന് എറണാകുളത്ത് മികച്ച ആശുപത്രികളുള്ളപ്പോൾ അവരെ കോയമ്പത്തൂർക്ക് കൊണ്ടുപോയി. അവിടെ സതീന്ദ്രകുമാർ മരിച്ച അതേ ആശുപത്രിയിലായിരുന്നു ടീനയുടേയും അന്ത്യം. ഇതാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കാൻ കാരണമെന്ന് ആക്ഷൻ കൗൺസിലും ചൂണ്ടിക്കാട്ടുന്നു.






