കോട്ടയത്ത് വൃദ്ധമാതാവിനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

കോട്ടയം - എണ്‍പതുകാരിയായ അമ്മയെ ചവിട്ടി കൊന്ന കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടില്‍ കൊച്ചുകുഞ്ഞ് മകന്‍ ബിജു (52) ആണ് അറസ്റ്റിലായത്. ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയിലിരിക്കെ 23 നു മരിച്ചു .അമ്മ വീണു പരിക്കുപറ്റിയതാണ് എന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്.തുടര്‍ന്ന് മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ പോലീസിന് സംശയം തോന്നി. മൃതദേഹം  മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണ കാരണം എന്നു കണ്ടെത്തി. തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ മകനായ ബിജു നവംബര്‍ ഇരുപതിന് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന്  അമ്മയുടെ നെഞ്ചിലും മുഖത്തും ചവുട്ടുകയായിരുന്നു എന്ന് കണ്ടെത്തി. ബിജുവും ഇയാളുടെ സഹോദരിയും തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സഹോദരി അമ്മയെ ഇടയ്ക്കിടയ്ക്ക് കാണാന്‍ വരുന്നതിനെ ബിജു എതിര്‍ത്തിരുന്നു. 20 ന് ഉച്ചയോടുകൂടി ഇയാളുടെ സഹോദരി തന്റെ അമ്മയെ കാണാന്‍ വരുകയും, ഇതിലുള്ള വിരോധം മൂലം ബിജുവും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.തുടര്‍ന്ന് ഇയാള്‍ അമ്മയെ മര്‍ദ്ദിക്കുകയും നെഞ്ചിലും മുഖത്തും ചവിട്ടുകയുമായിരുന്നുവെന്നും ബിജു പോലീസിനോട് പറഞ്ഞു.

 

 

Latest News