ബ്രിട്ടനില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

ലണ്ടന്‍ - യു.കെയിലെ എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായ നിമ്യ മാത്യൂസ് (34) ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. വിദഗ്ധ പരിശോധനയില്‍ തലയില്‍ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച കുഴഞ്ഞു വീണ നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എന്‍.എച്ച്.എസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.
അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന നിമ്യ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. ജനുവരി അവസാനത്തോടെയാണ് ഈസ്റ്റ് സസെക്‌സിലെ ബെക്‌സ്ഹില്‍ എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ നിമ്യ ജോലിയില്‍ പ്രവേശിച്ചത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുകാരനായ മകനും അടുത്തിടെയാണ് യുകെയില്‍ എത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

 

 

 

Latest News