കോഴിക്കോട്- ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സി.പി.എം നേതാവ് കോ ൺഗ്രസിന്റെ പ്രസക്തിയെ കുറിച്ച് പൊതുവേദിയിൽ തുറന്ന് പറയുന്നത്. ബി. ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കാനുള്ള സന്ദർഭത്തെ ഒറ്റക്കെട്ടായി ഉപയോഗിക്കണമെന്നും ഇതിന് വിശാലമായ യോജിപ്പ് വേണമെന്നും പി. മോഹനൻ പറഞ്ഞു. കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ അഞ്ചു വർഷം കഴിഞ്ഞാൽ രാജ്യത്തെ പൗരന്മാർക്ക് കൈകൾ തന്നെ കാണില്ലെന്ന് അദ്ദേഹം തുടർന്നു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സ്വപ്‌ന നഗരിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ എം.പി, എം.ഐ. ഷാനവാസ് എം.പി എന്നിവർ പങ്കെടുത്ത പരിപാടിയാലാണ് പി.മോഹനന്റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമായി.
രാജ്യത്ത് ഫാസിസം ശക്തിപ്പെടുത്താൻ ഭരണത്തിന്റെ തണലിൽ ഹിന്ദുത്വ-ഭീകര-തീവ്രവാദ ശക്തികൾ അവിഹിത മാർഗങ്ങൾ രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ മാത്രമേ സി.പി.എം മത്സരിക്കുകയുള്ളൂവെന്നും അല്ലാത്തിടങ്ങളിൽ ആർ.എസ്.എസിനെതിരെ കൈപ്പത്തിക്ക് വോട്ടു ചെയ്യുമെന്നും പി. മോഹനൻ പ്രസ്താവിച്ചു. പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളിൽ വോട്ടുകൾ ഭിന്നിപ്പിക്കുന്ന പണി ചെയ്യില്ല. നയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്യും. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ശക്തമായ മത്സരം വന്നാൽ സി.പി.എമ്മിന്റെ വോട്ടുകൾ കോൺഗ്രസിന് നൽകും. ഒരു മുന്നുപാധിയുമില്ലാതെയാണ് കോൺഗ്രസിന് വോട്ട് നൽകുക. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അഞ്ചു കൊല്ലം കഴിഞ്ഞാൽ അടുത്ത അഞ്ചു കൊല്ലം വരെ കാത്തിരിക്കണം. ഭാരതത്തിൽ മത ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നും രാജ്യത്തിന്റെ മുഖ്യശത്രു ഹിന്ദുത്വ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിലപാടുകളാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്വീകരിച്ചതെന്നും സി.പി.എം. ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് ശേഷം സി.പി.എം നേതാക്കളിൽ പലർക്കും കോൺഗ്രസിന്റെ പ്രസക്തി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും തുറന്ന് സമ്മതിക്കാൻ മടിയായിരുന്നു. അതിനിടെയാണ് ഒരു ജില്ലാ സെക്രട്ടറി തന്നെ പരസ്യ പ്രതികരണം നടത്തിയത്. 'സുശക്ത രാഷ്ട്രം, സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ പാർട്ടിയെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂദൽഹി ജാമിയ മില്ലിയ സെന്റർ ഫോർ കംപാരിറ്റിവ് റിലീജിയൻസ് ഡയറക്ടർ പ്രൊഫ.റിസ്‌വാൻ ഖൈസർ സെമിനാർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രഡിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി, എം.ഐ ഷാനവാസ് എം.പി എന്നിവർ മുഖ്യാതിഥികളായി.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റസിഡന്റ് ഡോക്ടർ അസോസിയേഷൻ പ്രസിഡന്റ് ഡോ.ഹർജിത് സിംഗ് ബാട്ട്യ, ജെ.എൻ.യു മുൻ സ്റ്റുഡന്റ് യൂനിയൻ പ്രസിഡന്റ് മോഹിദ് കുമാർ പാണ്ഡെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ സുഫിയാൻ അബ്ദുസ്സലാം വിഷയാവതരണം നടത്തി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂൽ, ഡോ. പി.പി നസീഫ് പ്രസംഗിച്ചു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തി.
പഠന സെഷനുകൾ, പാനൽ ഡിസ്‌കഷൻ, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവക്ക് അബൂബക്കർ സലഫി, ഫൈസൽ മൗലവി, ഹാരിസ് ബിൻ സലീം, ഫദ്‌ലുൽ ഹഖ് ഉമരി, ശമീർ മദീനി, താജുദ്ദീൻ സ്വലാഹി, അബ്ദുൽ മാലിക് സലഫി, നബീൽ രണ്ടത്താണി, കെ.സജ്ജാദ്, പി. ലുബൈബ്, ഹംസ മദീനി, എ.പി മുനവ്വർ സ്വലാഹി തുടങ്ങിയവർ നേതൃത്വം നൽകി.






