സ്വവര്‍ഗവിവാഹത്തിന് സംരക്ഷണം: കരട് നിയമത്തിന് യു.എസ്. സെനറ്റിന്റെ അംഗീകാരം

വാഷിങ്ടണ്‍- സ്വവര്‍ഗവിവാഹത്തിനും വ്യത്യസ്ത വംശങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിനും സംരക്ഷണം നല്‍കുന്ന കരട് നിയമത്തിന് യു.എസ്. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം. നൂറംഗ സഭയില്‍ 61 പേര്‍ അനുകൂലിച്ചും 36 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കുപുറമേ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് 12 പേര്‍ ബില്ലിനെ പിന്തുണച്ചു.

റെസ്‌പെക്ട് ഫോര്‍ മാര്യേജ് ആക്ട് (വിവാഹ ബഹുമാന നിയമം) എന്നാണ് പുതിയ നിയമം അറിയപ്പെടുക. അന്തിമതീരുമാനമെടുക്കാനായി ബില്‍ ജനപ്രതിനിധി സഭയിലേക്ക് തിരിച്ചയക്കും. ശേഷം പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ജനുവരി ആദ്യം പുതിയ കോണ്‍ഗ്രസ് അധികാരത്തില്‍ വരും. ഇതോടെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകും. അതിനുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അവരുടെ ശ്രമം. നേരത്തേ ജനപ്രതിനിധിസഭയില്‍ ബില്‍ അവതരിച്ചപ്പോള്‍ 47 റിപ്പബ്ലിക്കന്മാര്‍ അപ്രതീക്ഷിതമായി പിന്തുണച്ചിരുന്നു.

 

Latest News