സുനന്ദ പുഷ്‌കറിന്റെ മരണം വീണ്ടും കുത്തിപ്പൊക്കി ദല്‍ഹി പോലീസ്, തരൂരിന് ഹൈക്കോടതി നോട്ടീസ്

ന്യൂദല്‍ഹി- ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ദല്‍ഹി പോലീസ്, ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ദല്‍ഹി പട്യാല ഹൗസ് കോടതിയുടെ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ശശി തരൂരിന് നോട്ടിസ് അയച്ചു. ഹരജിയില്‍ ഫെബ്രുവരി 7ന് വിശദമായ വാദം കേള്‍ക്കും.

2021 ഓഗസ്റ്റ് 18 നാണ് പട്യാല ഹൗസ് കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ആത്മഹത്യയിലേക്ക് നയിക്കും വിധം സുനന്ദയെ സമ്മര്‍ദത്തിലാക്കിയെന്ന് തെളിയിക്കാനായില്ലെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അപൂര്‍ണമാണെന്നും വ്യക്തമാക്കിയാണ് ശശി തരൂരിന് പട്യാല ഹൗസ് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്.

സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ എന്നിവ ചുമത്തണമെന്നായിരുന്നു ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് ദല്‍ഹി പൊലീസ്, ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. 2014 ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest News