Sorry, you need to enable JavaScript to visit this website.

കൊല്ലാനും ചാവാനുമില്ല; വിഴിഞ്ഞം സമരസമിതിയിൽ ഭിന്നിപ്പ്, തീവ്രസ്വഭാവം അന്വേഷിച്ച് എൻ.ഐ.എ

തിരുവനന്തപുരം - വിഴിഞ്ഞം സമരത്തിൽ കാര്യങ്ങൾ കൈവിട്ടുപോവരുതെന്ന വിമർശവുമായി ഒരു വിഭാഗം. വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണമുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ രൂപത്തിലാണ് സമരം മുന്നോട്ടുപോകുന്നതെങ്കിൽ അത് വലിയ ദോഷം ചെയ്യുമെന്ന് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. 
 സമരം ന്യായമാണ്. പക്ഷേ, ആർക്കോ വേണ്ടി തല്ലാനും ചാവാനുമൊന്നും ഇല്ല. ഇങ്ങനെയാണ് പോകുന്നതെങ്കിൽ സമരം നിർത്തുന്നതാണ് നല്ലതെന്ന് അക്രമസമരത്തിൽ വിയോജിപ്പുള്ളവർ പറയുന്നു. അക്രമികൾക്കെതിരെ സംസ്ഥാന പോലീസ് നടപടി ശക്തമാക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ സ്വരം ഉയരുന്നത്. വിഴിഞ്ഞം സമരത്തിന് വിദേശ സഹായമുൾപ്പെടെ ലഭിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നിരീക്ഷണം ആരംഭിച്ചതും സമരസമിതിയെ പിന്തുണക്കുന്നവരിൽ എതിർശബ്ദങ്ങൾ ഉയത്തിയിട്ടുണ്ട്. ചർച്ചയാകാമെന്ന സർക്കാർ നിലപാട് തള്ളുന്നതിനു പിന്നിൽ ചില വൈദികരുടെ മാത്രം താൽപര്യമാണെന്നും ഈ വിഭാഗം ആരോപിക്കുന്നു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


 സമരസമിതിയിൽ ഭിന്നിപ്പുണ്ടെന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായും വിവരമുണ്ട്. സമരം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം വിഴിഞ്ഞം വികാരി ഫാ. മെൽക്കന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി കോട്ടപ്പുറം യു.പി സ്‌കൂളിൽ യോഗം ചേർന്നിരുന്നുവത്രെ. സമരത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്നും ഇത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന ആശങ്കയും യോഗത്തിലുയർന്നു. പോലീസ് സ്‌റ്റേഷൻ ആക്രമണത്തിന് പിന്നിൽ സമരക്കാർക്കു പങ്കില്ലെന്നും നുഴഞ്ഞുകയറ്റക്കാരാണെന്നു തുറന്നുപറയണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇത്തരം വലിയ പ്രശ്‌നങ്ങൾ ആവർത്തിക്കാനുള്ള സാധ്യത നലനിൽക്കവെ ഇനിയുള്ള സമരം കൂടുതൽ ജാഗ്രതയോടെ വേണമെന്നും ഇവർ ഓർമിപ്പിക്കുന്നു. 
 സമരം മതിയാക്കാൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ആർച്ച് ബിഷപ്പ് നിസ്സഹായനാണെന്നും ചില വൈദികർ അദ്ദേഹത്തെ ഹൈജാക്ക് ചെയ്തുവെന്നുമാണ് ആരോപണം. കഴിഞ്ഞ ദിവസം രാവിലെ ഫാദർ മെൽക്കന്റെയും ചർച്ച് സെക്രട്ടറി പുഷ്പരാജന്റെയും നേതൃത്വത്തിൽ ഒരു ടീം ആർച്ച് ബിഷപ്പിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സങ്കീർണാവസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ സമരം അവസാനിപ്പിക്കാൻ ഒരു കൂട്ടം വൈദികർ സമ്മതിക്കുന്നില്ലെന്നാണ് ഇവർക്കു കിട്ടിയ മറുപടി. എന്നാൽ സമരസമിതിയിൽ യാതൊരു ഭിന്നിപ്പുമില്ലെന്നും ലക്ഷ്യം കണ്ടേ ഈ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
 അതേസസമയം ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് പോലീസ് തീരുമാനം. പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ അറസ്റ്റുകൾ വൈകില്ലെന്നുമാണ് സൂചന. സ്‌റ്റേഷൻ ആക്രമിച്ച ദിവസത്തെ സ്ഥിതിവിവരങ്ങളും നിലവിലെ സ്ഥിതിയും എൻ.ഐ.എ സംഘം പോലീസിൽനിന്നും മറ്റും ശേഖരിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും മൂന്നു മണിക്കൂറിലേറെ റോന്തുചുറ്റിയെ ദേശീയ അന്വേഷണ ഏജൻസി പ്രശ്‌നത്തെ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനം സമരത്തിലുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ് സംഘം.

Latest News