Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ചടങ്ങിനിടെ വരന്‍ ചുംബിച്ചു,   വിവാഹം ഉപേക്ഷിച്ച് യുവതി 

ലഖ്‌നൗ-വേദിയില്‍ വച്ച് വരന്‍ ചുംബിച്ചതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്നുവച്ച് യുവതി. ഉത്തര്‍പ്രദേശിലെ സംഭാലിലായിരുന്നു സംഭവം. പരസ്പരം മാലയിട്ടതിന് പിന്നാലെ യുവാവ് വധുവിനെ ചുംബിക്കുകയായിരുന്നു. പിന്നാലെ യുവതി വേദിയില്‍ നിന്നിറങ്ങിപ്പോവുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
മുന്നൂറോളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പോലീസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും അതിഥികള്‍ തിരികെപ്പോവുകയും ചെയ്തു. സുഹൃത്തുക്കളുമായുള്ള പന്തയത്തിന്റെ പേരിലാണ് യുവാവ് ചുംബിച്ചതെന്നും അതിനാല്‍ യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ 23കാരിയും ബിരുദധാരിയുമായ യുവതി പറയുന്നു. 26കാരനായ വിവേക് അഗ്‌നിഹോത്രിയാണ് വരന്‍. 
യുവതി പരാതിപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. വേദിയിലായിരിക്കെ യുവാവ് അനുചിതമായി സ്പര്‍ശിച്ചുവെന്നും ആദ്യം താനത് കാര്യമാക്കിയില്ലെന്നും യുവതി പോലീസിനോട് മൊഴി നല്‍കി. എന്നാല്‍ പിന്നീടയാള്‍ പ്രതീക്ഷിക്കാത്തത് പ്രവര്‍ത്തിച്ചു. താന്‍ ഞെട്ടിപ്പോയെന്നും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും യുവതി പറഞ്ഞു. അതിഥികള്‍ക്ക് മുന്നില്‍ തന്റെ ആത്മാഭിമാനത്തെക്കുറിച്ച് അയാള്‍ ചിന്തിക്കാതെ മോശമായി പെരുമാറി. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഭാവിയില്‍ എപ്രകാരമായിരിക്കും പെരുമാറുക. അതിനാല്‍ തന്നെ അയാളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും യുവതി വ്യക്തമാക്കി. വരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രകോപിപ്പിച്ചതാണെന്നും മകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ട് വഴങ്ങുന്നില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു. മകള്‍ക്ക് കുറച്ച് സമയം കൊടുക്കാന്‍ തീരുമാനിച്ചുവെന്നും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവങ്ങള്‍ നടക്കുന്നതിനിടെ ചടങ്ങുകള്‍ കഴിഞ്ഞതിനാല്‍ ഇരുവരും നിലവില്‍ വിവാഹിതരായി കഴിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ വധു വിവാഹം ഉപേക്ഷിച്ചിരിക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ ശാന്തമായിക്കഴിഞ്ഞുമാത്രം സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


 

Latest News