Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

പാർശ്വവൽക്കൃതരുടെ പ്രക്ഷോഭങ്ങളോട്  പ്രബുദ്ധ കേരളത്തിന്റെ സമീപനം

ഭൂപരിഷ്‌കരണത്തിൽ പോലും വഞ്ചിക്കപ്പെട്ട് നാലു സെന്റ് കോളനികളിലേക്കൊതുങ്ങിയ വിഭാഗങ്ങൾക്ക് അതിന് എന്തു സാധ്യതയാണുള്ളത്? അത്തരം സാഹചര്യത്തിലാണ് സ്വന്തം ഇടത്തിൽ നിന്നും തൊഴിലിൽ നിന്നും വലിച്ചെറിയപ്പെടുമെന്ന് ആശങ്കപ്പെടുന്ന, വികസനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികൾക്കെതിരെ അവർ രംഗത്തിറങ്ങുന്നത്. 


സമരങ്ങളുടെ നാടാണ് കേരളം എന്നാണല്ലോ പറയാറുള്ളത്. അതത്ര മോശപ്പെട്ട കാര്യമായി പറയാനാകില്ല. ജനാധിപത്യത്തിന്റെ ജീവവായുവാണ് സമരങ്ങൾ. ജനാധിപത്യ സംവിധാനത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സമരങ്ങളാണ്. പ്രത്യേകിച്ച് ജനകീയ സമരങ്ങൾ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ പലപ്പോഴും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കായിരിക്കും പ്രാധാന്യം. എന്നാൽ ജനകീയ സമരങ്ങൾ വ്യത്യസ്തങ്ങളാണ്. തങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ ജനങ്ങൾ സ്വയമേവ രംഗത്തിറങ്ങുമ്പോഴാണ് അവയുണ്ടാകുന്നത്. അതിനാൽ തന്നെ അവക്ക് ഊർജം കൂടുതലായിരിക്കും. നിർഭാഗ്യവശാൽ അത്തരം സമരങ്ങളോട് നിഷേധാത്മക നിലപാടാണ് എന്നും മുഖ്യധാര പ്രസ്ഥാനങ്ങൾ സ്വീകരിക്കാറുള്ളത്. പാർശ്വവൽക്കൃത വിഭാഗങ്ങളുടെ സമരങ്ങളാണെങ്കിൽ തെരുവിലിറങ്ങി നേരിടാനും അവർ മടിക്കാറില്ല. സമരത്തിനു കാരണമായ വിഷയത്തിൽ ഒരു നഷ്ടവുമില്ലാത്ത, ഇരകളല്ലാത്തവരാണ് എപ്പോഴും ഇത്തരത്തിൽ രംഗത്തു വരിക. എന്നിട്ടും സമരങ്ങൾ വിജയപാതയിലേക്കു നീങ്ങുമ്പോൾ മുന്നിൽ വന്നുനിന്നു നയിക്കാനും ഇക്കൂട്ടർ മടിക്കാറില്ലെന്നത് വേറെ കാര്യം. അതിനും കേരളത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണിത് പറയുന്നത്. ദൗർഭാഗ്യകരമായ ആ സംഭവ വികാസങ്ങൾക്കു പിന്നിൽ കൃത്യമായ ഗൂഢാലോചന പ്രകടമാണ്. തീരശോഷണം അതിശക്തമാകുകയും തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത സാഹചചര്യത്തിലാണ്  തുറമുഖ നിർമമ്മാണം നിർത്തിവെച്ച് ആഘാതപഠനം  നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 125 ദിവസത്തിലേറെയായി വിഴിഞ്ഞത്ത് സമാധാനപരമായി സത്യഗ്രഹ സമരം നടക്കുന്നത്. അവർക്ക് ജീവിക്കാൻ എല്ലാം വഴിയും അടഞ്ഞു. ഇതെല്ലാമാണ് ഇപ്പോഴത്തെ സമരത്തിനു കാരണമായത്.

ഇന്നു സംസ്ഥാനത്ത് ഏറ്റവും ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തു നടന്നിട്ടുള്ള മത്സ്യത്തൊഴിലാളി സമരങ്ങളിലെല്ലാം ആരു ഭരിക്കുന്നു എന്നു നോക്കാതെ ഭാഗഭാക്കായിട്ടള്ള ലാറ്റിൻ സഭയുടെ സാന്നിധ്യം സ്വാഭാവികമായും ഈ സമരത്തിലുമുണ്ട്. അനുദിനം ശക്തമാകുന്ന സമരത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്ക് കാരണമായത്.  അതിന്റെ ഭാഗമായാണ് തുറമുഖ നിർമാണത്തിനായി പാറക്കല്ലുകളുമായെത്തിയ  ലോറികളെ തടഞ്ഞവരെ  തൊട്ടടുത്ത് തമ്പടിച്ചിരുന്നവർ ആക്രമിച്ചത്. അവരിൽ അദാനിയുടെ ഗുണ്ടകളും സിപിഎം - ബിജെപി പ്രവർത്തകരുമുണ്ടെന്നാണ് വാർത്ത. അക്രമങ്ങൾക്ക് തുടക്കമിട്ടവർക്കെതിരെ കാര്യമായ നടപടിയൊന്നും സ്വീകരിക്കാതെ  അതിരൂപത ബിഷപ്പ്, വികാരി ജനറൽ എന്നിവരെയടക്കം പ്രതികളാക്കി വധശ്രമമടക്കം 9 കേസുകൾ ചാർജ് ചെയ്യുകയാണ് സർക്കാർ ചെയ്തത്. പലരെയും കസ്റ്റഡിയിലെടക്കുകയും ചെയ്തു. സമരത്തിനെതിരെ ഗുണ്ടായിസം നടത്തിയവരെ സംരക്ഷിക്കുകയും സമരക്കാർക്കെതിരെ കർശന നടപടികളെടുക്കുകയും ചെയ്തതാണ് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്ക് കാരണമായത്. പതിവുപോലെ വിദേശ ഫണ്ട്, തീവ്രവാദം, വർഗീയത, വിമോചന സമരം, കലാപ ശ്രമം തുടങ്ങിയ സ്ഥിരം പല്ലവികളും സമരത്തിനെതിരെ ആവർത്തിക്കുന്നു.

മുത്തങ്ങയിലും ചങ്ങറയിലും മൂന്നാറിലുമൊക്കെ പ്രയോഗിച്ച തന്ത്രങ്ങൾ തന്നെയാണിവ. അധ്യാപകരോ സർക്കാർ ജീവനക്കാരോ പൊതുമേഖല ജീവനക്കാരോ ഡോക്ടർമാരോ ഒക്കെ സമരം ചെയ്താൽ ആരെങ്കിലും തെരുവിലിറങ്ങി എതിരിടാറുണ്ടോ? എന്നാൽ ദളിതർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി പാർശ്വവൽക്കൃതരും അസംഘടിതരുമായ വിഭാഗങ്ങൾ സമരത്തിനിറങ്ങുമ്പോഴാണ് അതിനുള്ള അവരുടെ അവകാശത്തെ പോലും അംഗീകരിക്കാതെ, നിയമം കൈയിലെടുത്ത് ഒരു വിഭാഗം രംഗത്തിറങ്ങുന്നത്. സ്വയംഭരണാവകാശം എന്ന ഭരണഘടന അംഗീകരിക്കുന്ന, രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്ന അവകാശത്തിനു വേണ്ടി കുടിൽ കെട്ടി സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസികളെ ആക്രമിക്കുകയും പുറത്താക്കാനാവശ്യപ്പെട്ട് സർവവ്വകക്ഷി ഹർത്താൽ നടത്തുകയും ചെയ്തത് വെടിവെപ്പിനുള്ള അവസരം ഉണ്ടാക്കാനായിരുന്നു. 

തുറമുഖ പദ്ധതി ഉപേക്ഷിക്കാൻ, സമരം ചെയ്യുന്നവർ ആവശ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. നേരത്തേയും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തുറമുഖ നിർമാണം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഏഴ് ആവശ്യങ്ങളുമായി ഇപ്പോഴത്തെ സമരം ആരംഭിച്ചത്. കടലിൽ കാണുന്ന പുതിയ പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ നിർമാണം താൽക്കാലികമായി നിർത്തി ആഘാതപഠനം നടത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോൾ പ്രധാനമായും ഭിന്നത തുടരുന്നത്. 
മലയാളിയുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഏതാനും വർഷം മുമ്പ് പറഞ്ഞ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നതാണ് വൈരുധ്യം. കഴിഞ്ഞില്ല,  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിൽ ദുരൂഹമായ ഇടപെടൽ നടത്തിയിട്ടുണ്ട്,  അദ്ദേഹം ഗൗതം അദാനിയുമായി ടെലിഫോണിൽ രഹസ്യ ചർച്ച നടത്തി, അവസാന ടെണ്ടറിൽ അഞ്ച് കമ്പനികൾ സഹകരിക്കാൻ തയാറായിട്ടും മൂന്ന് കമ്പനികൾ ക്വട്ടേഷൻ നൽകാൻ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കി, കേരളത്തിന്റെ വികസത്തിന് മുതൽക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നത് എന്തിന്റെ പേരിലായാലും അതിനു പിന്നിലെ താൽപര്യങ്ങൾ അഴിമതിയുടേതാണ്,  അദാനി ഗ്രൂപ്പ് നരേന്ദ്ര മോഡിക്കും ഉമ്മൻ ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തിൽ തുറന്നുകാട്ടേണ്ടതുണ്ട്. 

മറ്റൊരു പ്രധാന വിഷയം കൂടി ഇതോടൊപ്പം ഉന്നയിക്കേണ്ടതുണ്ട്. കൊട്ടിഘോഷിക്കുന്ന കേരള മോഡലിന്റെയോ വരുംകാല വികസന സ്വപ്‌നങ്ങളുടെയോ ഒരു പങ്കും ലഭിക്കാത്തവരാണ് മത്സ്യത്തൊഴിലാളികളടക്കം മേൽപറഞ്ഞ പാർശ്വവൽക്കൃത വിഭാഗങ്ങൾ. കേരളത്തിന്റെ മുഖം മാറ്റിമറിച്ച് പ്രവാസത്തിലോ ഇനിയും മാറ്റിമറിക്കുമെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുന്ന യൂറോപ്യൻ കുടിയേറ്റങ്ങളിലോ സ്വയംസംരംഭ മേഖലയിലോ ഒരു പങ്കും ഇവർക്കില്ല എന്നതാണ് വസ്തുത. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്തവരാണിവർ.  ഇതെല്ലാം മിക്കവർക്കും സാധ്യമാകുന്നത് സ്വന്തം ഭൂമി പണയം വെച്ചാണല്ലോ. അതിനുള്ള അവസരമില്ലാത്തവർ എന്തു ചെയ്യും? ഭൂപരിഷ്‌കരണത്തിൽ പോലും വഞ്ചിക്കപ്പെട്ട് നാലു സെന്റ് കോളനികളിലേക്കൊതുങ്ങിയ വിഭാഗങ്ങൾക്ക് അതിന് എന്തു സാധ്യതയാണുള്ളത്? അത്തരം സാഹചര്യത്തിലാണ് സ്വന്തം ഇടത്തിൽ നിന്നും തൊഴിലിൽ നിന്നും വലിച്ചെറിയപ്പെടുമെന്ന് ആശങ്കപ്പെടുന്ന, വികസനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികൾക്കെതിരെ അവർ രംഗത്തിറങ്ങുന്നത്. അപ്പോൾ അവരെ ശത്രുക്കളായോ വികസന വിരുദ്ധരായോ തീവ്രവാദികളായോ ചാപ്പ കുത്താതെ, അനുഭാവപൂർവമായ സമീപനമാണ് സർക്കാരും പ്രസ്ഥാനങ്ങളും സമൂഹവും സ്വീകരിക്കേണ്ടത്. എന്നാൽ മന്ത്രിമാരിൽ പോലും അത്തരമൊരു സമീപനം കാണുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. 

 

Latest News