മോഡിക്ക് ഒന്നിലും ഒരിക്കലും ഉത്തരവാദിത്തമില്ല; രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കോവിഡ് വാക്‌സിനുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കാരണം മരണമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്.
ആദ്യം: ഓക്‌സിജന്‍ ക്ഷാമം മൂലം മരണമില്ല. പിന്നെ: കോവിഡ് ബാധിതര്‍ക്ക് സഹായമില്ല. ഇപ്പോള്‍: വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല.
ഉത്തരവാദിത്തത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറണമെന്ന് പ്രധാനമന്ത്രി മോഡിക്ക് നന്നായി അറിയാമെന്നും അദ്ദേഹം ഒരു യഥാര്‍ത്ഥ ഇവന്റ് മാനേജറാണെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. ഈ സര്‍ക്കാര്‍ ഒന്നിനും ഉത്തരവാദികളല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും പ്രതികരിച്ചു.
രാജ്യത്ത് എവിടെയെങ്കിലും കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളാല്‍ മരണമുണ്ടായാല്‍, അതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. എന്നാല്‍  ആളുകള്‍ക്ക് ഇഷ്ടം പോലെ അത് ലഭിക്കുന്നു. ഇതാണ് സുപ്രീം കോടതിയില്‍ മോഡി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഈ സര്‍ക്കാര്‍ ഒന്നിനും ഒരിക്കലും ഉത്തരവാദിയല്ല- അവര്‍ ഹിന്ദിയില്‍ നല്‍കിയ ഒരു ട്വീറ്റില്‍ പറഞ്ഞു.
ഓരോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെയും ഫോട്ടോയില്‍ നിന്ന് ഒരു ഉത്തരവാദിത്തവുമില്ലാതെ വേഗത്തില്‍ ഇറങ്ങിപ്പോയ മോഡിജിക്ക് നന്ദി- മറ്റൊരു ട്വീറ്റില്‍ അവര്‍ പറഞ്ഞു.
കോവിഡ് 19 വാക്‌സിനുകളുടെ ശേഷമുള്ള മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 219 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതിനു പിന്നാലെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രാധാന്യമര്‍ഹിക്കുന്നത്.
കോവിഡ് വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ പാര്‍ശ്വ ഫലങ്ങളെ തുടര്‍ന്ന് മരിച്ച രണ്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം.
മൂന്നാം കക്ഷികള്‍ നിര്‍മിക്കുന്ന വാക്‌സിനുകള്‍ റെഗുലേറ്ററി അവലോകനത്തിന് വിധേയമായതാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ടക്കാരിനെ നേരിട്ട് ബാധ്യസ്ഥരാക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കേന്ദ്രം  അവകാശപ്പെട്ടു.

 

Latest News