Sorry, you need to enable JavaScript to visit this website.

ബില്‍ക്കിസ് ബാനുവിന്റെ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും

ന്യൂദല്‍ഹി- കൂട്ടബലാത്സംഗ കേസിലെ 11 കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പേ മോചിപ്പിച്ചതിനെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍.
ബില്‍ക്കിസ് ബാനുവിനെ ബലാത്സഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാമോ എന്ന കാര്യം പരിശോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ റിവിഷന്‍ ഹരജിയാണ് അവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മേയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറപിടിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ 11 കൊടുംകുറ്റവാളികളെ മോചിപ്പിച്ചത്.

ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച രണ്ട് ഹരജികള്‍ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സമ്മതിച്ചു.
കുറ്റവാളികളെ നേരത്തെ വിട്ടയക്കുന്നത് സംബന്ധിച്ച് 2022 മെയില്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവിനെതിരെ ബില്‍ക്കിസ് ബാനു പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ടെന്ന കാര്യം അവര്‍ക്കു വേണ്ടി അഭിഭാഷക ശോഭ ഗുപ്തയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ വാക്കാല്‍ പരാമര്‍ശം നടത്തിയത്. 
ശിക്ഷിക്കപ്പെട്ട സമയത്ത് നിലവിലുള്ള നയം അനുസരിച്ച് ഇളവ് പരിഗണിക്കാമെന്നാണ്  സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്.  11 പ്രതികളില്‍ ഒരാളായ രാധശ്യാം ഭഗവാന്‍ദാസ് ഷാ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ വിധി. ഷായുടെ അപേക്ഷ രണ്ട് മാസത്തിനകം പരിഗണിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കുറ്റവാളികളുടെ മോചനം ജീവിക്കാനുള്ള തന്റെ മൗലികാവകാശത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബില്‍ക്കിസ് ബാനു റിട്ട് ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

സിപിഎം നേതാവ് സുഭാഷിണി അലി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അനുബന്ധ ഹരജികള്‍ ഇന്ന് ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജല്ലിക്കെട്ട് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായതിനാല്‍ പരിഗണിച്ചിരുന്നില്ല.
റിവ്യൂ ഹര്‍ജി ആദ്യം ലിസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. റിവ്യൂ പെറ്റീഷനുകള്‍ സാധാരണയായി ചേംബറുകളിലാണ് കേള്‍ക്കാറുള്ളതെന്ന് ചൂണ്ടിക്കാട്ടി   തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന അഭിഭഷകയുടെ ആവശ്യത്തിന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.  ആവശ്യപ്പെട്ടപ്പോള്‍, ഇക്കാര്യം ബന്ധപ്പെട്ട ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുഭാഷണി അലി, ടിഎംസി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികള്‍ ഒക്‌ടോബര്‍ 18ന് ജസ്റ്റിസ് റസ്‌തോഗിയുടെ ബെഞ്ചാണ് അവസാനമായി പരിഗണിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതികരിക്കാന്‍ കോടതി ഹരജിക്കാര്‍ക്ക് സമയം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ജഡ്ജിയും മുംബൈയിലെ സിബിഐയും 11 പ്രതികളുടെ അകാല മോചനത്തെ എതിര്‍ത്തിരുന്നു.

 

 

Latest News