Sorry, you need to enable JavaScript to visit this website.

അനാവശ്യ ഫോണ്‍ കോളുകള്‍  നിയന്ത്രിക്കും-ട്രായ് 

ന്യൂദല്‍ഹി-കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോണ്‍വിളികള്‍ നിയന്ത്രിക്കുന്നതിന് നിര്‍ദേശം നല്‍കി ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി (ട്രായ്). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത ടെലിമാര്‍ക്കറ്റുകാരെക്കുറിച്ചുള്ള പരാതികള്‍ 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ഇപ്പോഴും ഉപഭോക്താക്കളെ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്ന പരാതി കൂടിയിരിക്കുകയാണ്. അനാവശ്യ സന്ദേശങ്ങളെപ്പോലെ തന്നെ ഇത്തരം ഫോണ്‍വിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാന്‍ ട്രായ് കര്‍മ്മപദ്ധതി രൂപികരിക്കുന്നത്. 2018ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്ചെയിന്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള 'ഡിസ്റ്റര്‍ബ്ഡ് ലെഡ്ജര്‍ ടെക്നോളജി' (ഡി.എല്‍.ടി)സംവിധാനത്തിന് കടിഞ്ഞാണിടുന്നത്.
അണ്‍സോളിസിറ്റഡ് കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷനില്‍ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളില്‍ നിന്ന് നിരവധി പരാതികള്‍ വരുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കാരണമാകുന്നുണ്ട്.
 

Latest News