ബാലികയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; അശ്ലീല വീഡിയോകള്‍ക്ക് അടിമയായ 17 കാരന്‍ അറസ്റ്റില്‍

റായ്പുര്‍- ഛത്തീസ്ഗഢിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. ഛത്തീസ്ഗഢിലെ ബേമേതരാ സ്വദേശിയായ 17കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അശ്ലീലവീഡിയോകള്‍ കണ്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് പത്തുവയസ്സുകാരിയെ സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് നാട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ഫോണില്‍ സ്ഥിരമായി അശ്ലീലവീഡിയോകള്‍ കാണുന്നയാളാണ് 17കാരനെന്ന് പോലീസ് പറഞ്ഞു. സംഭവദിവസവും ഫോണില്‍ ഇത്തരത്തിലുള്ള വീഡിയോ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവം കുടുംബാംഗങ്ങളോട് പറയുമെന്ന ഭയത്തിലാണ് ഷാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം വീട്ടിനുള്ളില്‍ കെട്ടിത്തൂക്കിയ ശേഷം വീടിന്റെ ടെറസ് വഴി രക്ഷപ്പെടുകയായിരുന്നു.

17കാരനെതിരേ കൊലപാതകത്തിന് പുറമേ പോക്‌സോ വകുപ്പുകളും ചുമത്തി.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദുര്‍ഗിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

 

Latest News