ഓക്ലാന്‍ഡ്- ലേലത്തില്‍ വിറ്റ സ്യൂട്ട്‌കെയിസില്‍ രണ്ട് കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ 42 കാരിയെ ദക്ഷിണ കൊറിയ ന്യൂസിലാന്‍ഡിനു കൈമാറി. രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
സ്ത്രീയെ കൊണ്ടുപോരാന്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ദക്ഷിണ കൊറിയയിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് ശേഷം ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ എത്തിച്ച സ്ത്രീയെ മനുകൗ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
കേസിലെ പ്രധാന തെളിവുകളും ന്യൂസിലന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി സോള്‍ നീതിന്യായ മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടും ശ്രദ്ധ നേടിയ കേസിന്റെ സത്യാവസ്ഥ ന്യൂസിലന്‍ഡിലെ നീതിപൂര്‍വകവും കര്‍ശനവുമായ ജുഡീഷ്യല്‍ പ്രക്രിയയിലൂടെ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സോളിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓക്ക്‌ലാന്‍ഡില്‍ സ്‌കൂള്‍ പ്രായമുള്ള രണ്ട് കുട്ടികളുടെ അവശിഷ്ടങ്ങള്‍ ന്യൂസിലാന്‍ഡ് പോലീസ് കണ്ടെത്തിയതിന് ആഴ്ചകള്‍ക്ക് ശേഷം സെപ്റ്റംബറിലാണ് ദക്ഷിണ കൊറിയന്‍ പോലീസ് തുറമുഖ നഗരമായ ഉല്‍സാനില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊലപാതകം ഏറ്റുപറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ അത് ചെയ്തില്ല എന്നാണ് പോലീസ് കൊണ്ടുപോകുമ്പോള്‍ യുവതി ആവര്‍ത്തിച്ചത്.
തെക്കന്‍ ഓക്ക്‌ലന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ക്കായി നടത്തിയ ലേലത്തില്‍ സ്യൂട്ട്‌കേസുകള്‍ ഉള്‍പ്പെടെ ട്രെയിലര്‍ ലോഡ് സാധനങ്ങള്‍ വാങ്ങിയ കുടുംബമാണ് സ്യൂട്ട്‌കെയിസില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ന്യൂസിലന്‍ഡ് പോലീസ് പറഞ്ഞിരുന്നു. സങ്കീര്‍ണമായിരുന്നു അന്വേഷണവും. മൃതദേഹങ്ങള്‍ കണ്ടെത്തിയ കുടുംബത്തിന് കൊലപാതകങ്ങളുമായി ബന്ധമില്ലെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.






