ഇത് സത്യമാണോ, അഭിനയമാണോ; വിവാഹിതയാകുന്ന സ്ത്രീയെ ദൈവം അനുഗ്രഹിക്കട്ടെ, വൈറലായി ഒരു ചിത്രം

കൊല്‍ക്കത്ത- വിവാഹ ചടങ്ങില്‍ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന വരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വരന്‍ മണ്ഡപത്തില്‍ ഇരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നതാണ് പ്രചരിക്കുന്ന ചിത്രം. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാതെ വരന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഒട്ടും രസിച്ചില്ല.  ഇങ്ങനെയുമുണ്ടോ ജോലി എന്നും വിഷലിപ്തമെന്നും അവര്‍ വിമര്‍ശിച്ചു.
രണ്ട് വൈദികര്‍ക്കൊപ്പം മണ്ഡപത്തില്‍ ഇരിക്കുന്ന കൊല്‍ക്കത്തയിലെ വരനെ കല്‍ക്കത്ത ഇന്‍സ്റ്റഗ്രാമേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലാണ് ഷെയര്‍ ചെയ്തത്. പൂജാരിമാര്‍ ചടങ്ങുകള്‍ നടത്തി വരെന അനുഗ്രഹിക്കുമ്പോള്‍ ലാപ്‌ടോപ്പില്‍ തന്റെ ജോലിയില്‍ മുഴുകിയിരിക്കുന്നത് ചിത്രത്തില്‍ കാണാം. ലാപ്‌ടോപ്പില്‍ എന്താണ് ജോലി ചെയ്യുന്നതെന്ന് വ്യക്തമല്ലെങ്കിലും ഇത് അടിയന്തരമായ ഔദ്യോഗിക ജോലിയാണെന്നാണ് കരുതുന്നത്.
വീട്ടില്‍ നിന്നുള്ള ജോലിയുടെ അടുത്ത ഘട്ടമെന്നാണ് അടിക്കുറുപ്പ്.  വാഹസമയത്ത് ഇത് ചെയ്യാനിടയുള്ള ഒരു സുഹൃത്തിനെ ടാഗ് ചെയ്യാനും അഭ്യര്‍ഥിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയെങ്കിലും ഉപയോക്താക്കളില്‍ ഭൂരിഭാഗവും വ്യക്തിയെ സ്വന്തം വിവാഹം പോലും ആസ്വദിക്കാന്‍ അനുവദിക്കാത്ത വിഷമയമായ തൊഴില്‍ അന്തരീക്ഷത്തെ വിമര്‍ശിച്ചു.
എനിക്ക് ഇത് തമാശയായി തോന്നുന്നില്ലെന്നും ഒരു സ്ഥാപനവും ജീവനക്കാരനോട് അവരുടെ വിവാഹ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു.  ഇത് സത്യമാണെങ്കില്‍ ഈ വ്യക്തി  തൊഴില്‍ ജീവിത-ബാലന്‍സ് പഠിക്കണം. വിവാഹം കഴിക്കുന്ന സ്ത്രീയെ ദൈവം അനുഗ്രഹിക്കട്ടെ.

 

Latest News