കോട്ടയം-നഗരത്തില്‍ കോളജ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തിങ്കള്‍ രാത്രി പത്തരയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം.
വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആക്രമിച്ചത്.
സ്‌കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങള്‍ നല്‍കാനായാണ് വിദ്യാര്‍ഥികളായ രണ്ടുപേരും സ്‌കൂട്ടറില്‍ നഗരത്തിലെത്തിയത്. തുടര്‍ന്ന് ഇരുവരും നഗരത്തിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ കമന്റടി ആരംഭിച്ചത്. അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നും പറയുന്നു. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ മൂന്നംഗസംഘം കാറില്‍ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പ്രതികളായ മൂന്നുപേരും ചേര്‍ന്ന് വിദ്യാര്‍ഥികളെ റോഡിലിട്ട് മര്‍ദിച്ചു. റോഡില്‍ വീണ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാരും നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘവും എത്തിയാണ് വിദ്യാര്‍ഥികളെ രക്ഷിച്ചത്.
കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.






