Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി അദാനിയുടെ ഭിക്ഷ വാങ്ങാൻ നടക്കുന്നു; സമരം വിജയം കണ്ടേ പിന്മാറൂവെന്ന് ഫാദർ ഡിക്രൂസ്

- മുഖ്യമന്ത്രിയുടെ വീട്ടിൽ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടപ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാൻ 5000 രൂപയാണ് വകയിരുത്തിയത്

തിരുവനന്തപുരം - മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് അദാനിയുടെ ഭിക്ഷ വാങ്ങാൻ നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ്. വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ഇന്ന് ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നതിനിടെയാണ് ഫാദറുടെ വിമർശം.
 ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല. അവ എത്രയും വേഗം നടപ്പാക്കണം. മന്ത്രിമാർ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നുവെന്നല്ലാതെ ഒരു കുടുംബത്തെപ്പോലും മാറ്റിപാർപ്പിച്ചിട്ടില്ല. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നല്കിയിട്ടുമില്ല. മുഖ്യമന്ത്രിയുടെ വീട്ടിൽ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാൻ 5000 രൂപയാണ് വകയിരുത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കുക, അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് പുറത്ത് പോകണമെന്നും ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് ആവശ്യപ്പെട്ടു.
 മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമർശിച്ച് നേരത്തെയും ഇദ്ദേഹം രംഗത്തുവന്നിരുന്നു. നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭയെന്നായിരുന്നു കഴിഞ്ഞദിവസങ്ങളിലെ വിമർശം. വാ തുറന്നാൽ നികൃഷ്ടജീവി, കടക്കു പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്ത് വേണ്ടന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞിരുന്നു. 
 മത്സ്യതൊഴിലാളികളാണ്. ജയിച്ചിട്ടേ പിന്മാറൂ. അദാനിയുടെ അശാസ്ത്രീയമായ പോർട്ട് നിർമാണം ഉപേക്ഷിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ല. തുറമുഖം വന്നതുകൊണ്ട് ആർക്കും തൊഴിൽ ലഭിക്കുമെന്ന് കരുതുന്നില്ല. ആരെങ്കിലും അവരിൽനിന്നും കൈക്കൂലി വാങ്ങിയെങ്കിൽ അത് അദാനിക്കുതന്നെ തിരിച്ചുകൊടുത്ത് തിരിച്ചുപോകാൻ ആവശ്യപ്പെടുക. മുഖ്യമന്ത്രിയും മന്ത്രിമാരും യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
 സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതൽ അറസ്റ്റുകൾ താത്കാലത്തേക്ക് വേണ്ടയെന്നാണ് സർക്കാർ തീരുമാനം. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതിയും ലത്തീൻ അതിരൂപതയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച 7 ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.
 

Latest News