ന്യൂദൽഹി - ദൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രചാരണവുമായി മുന്നേറുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ആരിബ ഖാൻ. ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായാണിവർ പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്. പിതാവും മുൻ എം.എൽ.എയുമായ ആസിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞദിവസം പുലർച്ചെ വീട്ടുമതിൽ ചാടിക്കടന്ന് പോലീസ് അറസ്റ്റുചെയ്‌തെങ്കിലും തന്റെ കന്നിയങ്കത്തിലൂടെ എല്ലാറ്റിനും ജനം പകരം ചോദിക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് ആരിബ ഖാൻ.
നരേന്ദ്ര മോദി സർക്കാറിന്റെ പൗരത്വ ഭേദഗതിക്കെതിരായുള്ള സമരപോരാട്ടത്തിന്റെ കുന്തമുനയായി വർത്തിച്ച ഷഹീൻബാഗ് സമരകേന്ദ്രം ഉൾപ്പെടുന്ന ഡിവിഷനിലാണിവർ മത്സരിക്കുന്നത്. സംഘപരിവാറിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം മുന്നോട്ടുപോകുന്നത്. ഏകീകൃത സിവിൽ കോഡും സി.എ.എയുമൊക്കെ പറഞ്ഞ് വോട്ടുചോദിക്കുന്ന ബി.ജെ.പിയെ രൂക്ഷമായി വിമർശിക്കാൻ ആരിബ കിട്ടുന്ന വേദികളെല്ലാം ഉപയോഗിക്കുന്നുണ്ട്. ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും ആരിബ ഖാൻ വിശദീകരിക്കുന്നു. ഇത് വിജയത്തിനായുള്ള പോരാട്ടമാണെന്നും പിതാവ് ആസിഫ് മുഹമ്മദ് ഖാന്റെ അസാന്നിധ്യം പ്രചാരണത്തെ ബാധിക്കുമെങ്കിലും മികച്ച പ്രതീക്ഷയാണുള്ളതെന്നും അവർ പ്രതികരിച്ചു. ആരിബയുടെ ഇടപെടലുകൾ ഡിവിഷനിലെ കോൺഗ്രസ് ക്യാമ്പിൽ വൻ ആവേശം സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ.
പ്രചാരണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറിയെന്ന് ആരോപിച്ച് ആരിബയുടെ പിതാവും മുൻ എം.എൽ.എയുമായ ആസിഫ് മുഹമ്മദ് ഖാനെ ശനിയാഴ്ച പുലർച്ചെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.