Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

വെള്ളത്തിലായത് കോടികൾ, ആശങ്കകൾ മാറുന്നില്ല

കോഴിക്കോട്- ഖജനാവിൽ നിന്ന് വെറുതെ പാഴാക്കി കളഞ്ഞത് കോടിക്കണക്കിന് രൂപ, ആയിരക്കണക്കിനാളുകളെ പ്രതികളാക്കിക്കൊണ്ട് സംസ്ഥാനത്താകെ നൂറ് കണക്കിന് അക്രമക്കേസുകൾ, മക്കളുടെ വിവാഹമോ, വിദ്യാഭ്യാസമോ അടക്കമുള്ള അത്യാവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി സ്വന്തമായുള്ള ഭൂമി പോലും വിൽക്കാൻ അനുമതിയില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ, പോലീസിന്റെ തല്ലുകൊണ്ടതിന്റെ ആരോഗ്യ പ്രശ്‌നങ്ങളുമായി കഴിയുന്ന സ്ത്രീകളും വൃദ്ധരും അടക്കം നിരവധിയാളുകൾ.  ഏറെ കൊട്ടിഘോഷിച്ച് പിണറായി വിജയൻ സർക്കാർ കൊണ്ടുവന്ന കെ.റെയിൽ പദ്ധതി എങ്ങുമെത്താതെ ഒടുവിൽ മരവിപ്പിക്കേണ്ടി വന്നപ്പോൾ ബാക്കിപത്രമാകുന്നത് ഇതൊക്കെയാണ്.
കെ-റെയിൽ സിൽവർലൈൻ പദ്ധതിക്ക് വേണ്ടി വിന്യസിച്ചിരുന്ന റവന്യൂ വകുപ്പ് ഉദ്യേഗസ്ഥരെ പിൻവലിക്കുകയും പദ്ധതി തൽക്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്നലെ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് ചരമഗീതം പാടിക്കഴിഞ്ഞുവെന്ന് തന്നെ ഉറപ്പിക്കാം.
എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പിടിവാശി, മരിച്ചു വീഴേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് തീർത്ത് പറഞ്ഞ് പ്രതിഷേധത്തിനിറങ്ങിയ പദ്ധതി പ്രദേശത്തെ ഭൂവുടമകൾ. ഇവർ തമ്മിൽ അക്ഷരാർത്ഥത്തിലുള്ള യുദ്ധമാണ് ഏതാനും മാസങ്ങളിൽ സിൽവർ ലൈനിന്റെ പേരിൽ കേരളത്തിൽ നടന്നിരുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള സർവ്വേയും അതിർത്തി തിരിച്ചുകൊണ്ടുള്ള കല്ലിടലും നടന്നപ്പോൾ കേരളം സംഘർഷഭൂമിയായി മാറിയിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള വാശി സംഘർഷത്തിന് വഴി മാറിയപ്പോൾ നിരവധി ആളുകളാണ് ക്രിമിനൽ കേസുകളിൽ പ്രതികളായത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ വിദേശ ജോലിയും സർക്കാർ ജോലിയുമെല്ലാം സ്വപ്‌നം കണ്ട് നടന്നിരുന്ന യുവാക്കൾ ഇപ്പോഴും അങ്കലാപ്പിലാണ്. കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറായാൽ മാത്രമേ ഇവർക്ക് രക്ഷയുള്ളൂ. 
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെയും റെയിവേ മന്ത്രാലയത്തിന്റെയും അനുമതി കിട്ടാനുള്ള സാധ്യത വിരളമാണെന്നറിഞ്ഞുകൊണ്ട് തന്നെ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതാണ് സർക്കാറിന് പറ്റിയ തെറ്റ്. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി ചെലഴിച്ച 50 കോടിയിലേറെ രൂപ വെള്ളത്തിലായി. 
48.22 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആറുമാസം മുൻപ് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷമുള്ള ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കിയാൽ ചെലവാക്കിയ പണം 50 കോടി കവിയും. പദ്ധതിയുടെ കൺസൽട്ടൻസി സർവ്വീസിനായി 20.82 കോടിയും ഏരിയൽ സർവ്വേക്കായി 2.08 കോടിയും സർവ്വേ കുറ്റികൾ അടക്കമുള്ള കാര്യങ്ങൾക്കായി 20.50 കോടി രൂപയുമാണ് ചെലവഴിച്ചത്. ജനങ്ങളെ ബോധവത്ക്കരിക്കാനെന്ന പേരിൽ മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തിന് ചെലവഴിച്ച കോടികൾ വേറെയുമുണ്ട്. മീഡിയ കൺസൽട്ടൻസിക്ക് കൊടുത്തത് 60 ലക്ഷം രൂപ. ഇങ്ങനെ നോക്കിയാൽ 100 കോടിയിലേറെ രൂപ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചു കാണും. ഒടുവിൽ എല്ലാം വെള്ളത്തിലായി.
5100 ലേറെ സർവ്വേ കുറ്റികളാണ് പദ്ധതിയുടെ അതിർത്തി തിരിച്ചുകൊണ്ട് സ്ഥാപിച്ചത്. കുറ്റി നാട്ടാനെത്തിയവരും നാട്ടുകാരും തമ്മിലാണ് കേരളത്തിൽ അങ്ങോളമിങ്ങോളം സംഘർഷമുണ്ടായതും അത് കലാപ സമാനമായി മാറിയതും. സ്ഥാപിച്ച കല്ലുകളിൽ 350ലേറെ എണ്ണം പ്രതിഷേധക്കാർ പൊരിച്ചു മാറ്റി നശിപ്പിച്ചിരുന്നു, 18 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ സർക്കാറിന് നഷ്ടമായത്. 
സിൽവർ ലൈൻ പദ്ധതിയുടെ ആകെ വിസ്തീർണ്ണമായ 530 കിലോമീറ്റർ ദൂരത്തിൽ 144 കിലോമീറ്ററോളം ദൂരത്തിൽ സർവ്വേ കുറ്റികൾ സ്ഥാപിച്ചിരുന്നു. കോൺ്ക്രീറ്റുകൊണ്ട് നിർമ്മിക്കുന്ന ഒരു സർവ്വേ കുറ്റിയുടെ നിർമ്മാണത്തിനും അത് സ്ഥാപിക്കുന്നതിനുമായി ഒരു കുറ്റിക്ക് 6000ത്തോളം രൂപയാണ് ചെലവഴിച്ചിരുന്നത്. 
കുറ്റി സ്ഥാപിക്കുന്നത് വലിയ പ്രതിഷേധമായപ്പോൾ ആയിരക്കണക്കിന് പോലീസുകാരെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്നത്. പോലീസുകാരും നാട്ടുകാരും തമ്മിലാണ് ദിവസങ്ങളോളം സംഘർഷങ്ങൾ നടന്നത്. 
കേവലം നാലു മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന്  തിരുവനന്തപുരത്തെത്താൻ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനായി 529.45 കിലോമീറ്ററിൽ പുതിയ സെമി ഹൈസ്പീഡ് റെയിൽ പാത. ഇതാണ് സിൽവർലൈൻ പദ്ധതി. സംസ്ഥാന സർക്കാറിന്റെ കണക്കിൽ ചെലവ് 63,940.67 കോടി രൂപ. അനൗദ്യോഗിക കണക്കിൽ ഒരു ലക്ഷം കോടിയിലേറെ. ഇതാണ് പദ്ധതിയുടെ ഏറ്റവും സംക്ഷിപ്ത രൂപം. കേന്ദ്രസർക്കാർ ഗ്യാരന്റിയിലുള്ള വിദേശ വായ്പയാണ് മുഖ്യ സാമ്പത്തിക സ്രോതസ്. പിന്നെ റെയിൽവേ മന്ത്രാലയത്തിന്റെയും കേരള സർക്കാറിന്റെയും മുതൽ മുടക്കും. പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യഭൂമിയുമാണ് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നത്.  ഭൂമി ഏറ്റെടുക്കുന്നതിന് 7075 കോടി രൂപയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കായി 4460 കോടി രൂപയും പുനരധിവാസത്തിനും മറ്റുമായി 1730 കോടിയുമാണ് വേണ്ടിയിരുന്നത്. 
പദ്ധതി രേഖയിൽ വ്യക്തതയില്ലെന്ന് പറഞ്ഞ് ആദ്യഘട്ടം മുതൽ തന്നെ കേന്ദ്ര സർക്കാറും റെയിൽവേ ബോർഡും സിൽവർലൈൻ പദ്ധതിയെ എതിർത്തിരുന്നു. അതൊന്നും കാര്യമാക്കാതെ എന്ത് വിലകൊടുത്തും പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ വാശിപിടിച്ചതാണ് കോടികൾ നഷ്ടമാക്കിയതും ഒടുവിൽ പദ്ധതി താൽക്കാലികമായി മരവിപ്പിക്കുന്ന നടപടിയിലേക്ക് എത്തിയതും. പദ്ധതി മരവിപ്പിച്ചെങ്കിലും പ്രതിഷേധിച്ചവരുടെയും കേസിൽപെട്ടവരുടെയുമൊന്നും ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. അവരുടെ പ്രശ്‌നങ്ങൾ ഇപ്പോഴും ബാക്കിയാകുകയാണ്‌.

Latest News