Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ ആദ്യ ഡിറ്റൻഷൻ സെന്റർ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു

കൊല്ലം- സംസ്ഥാനത്തെ ആദ്യ ഡിറ്റൻഷൻ സെന്റർ (തടങ്കൽ പാളയം) കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. മുമ്പ് വിവാദമായതിനെ തുടർന്ന് ഇതിന്റെ  നടപടി നിർത്തിവെച്ചിരുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെ സെന്റർ തുടങ്ങാൻ സാമൂഹിക സുരക്ഷ വകുപ്പ് ഡയറക്ടർ ജൂണിൽ പുനർ വിജ്ഞാപനം ഇറക്കുകയായിരുന്നു. തിരുവനന്തപുരത്തും തൃശൂരും കേന്ദ്രം സ്ഥാപിക്കുന്നതിനായിരുന്നു വിജ്ഞാപനമെങ്കിലും കൊല്ലത്തെ കൊട്ടിയത്താണ് തുടങ്ങിയത്. 'ഡിറ്റൻഷൻ സെന്റർ' എന്നതിന് പകരം 'ട്രാൻസിറ്റ് ഹോം' എന്ന പേര് ഉപയോഗിക്കാനാണ് ഔദ്യോഗിക നിർദേശം. പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം എന്ന്, എങ്ങനെ എന്നതിൽ തീരുമാനമായിട്ടില്ല. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരും പാസ്‌പോർട്ട്/വിസ കാലാവധിക്കുശേഷം തുടരുന്നവരും ശിക്ഷ കാലാവധി പൂർത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ നിയമനടപടി കാത്തുനിൽക്കുന്നവരുമായ വിദേശികളെ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് ഡിറ്റൻഷൻ സെന്റർ തുടങ്ങുന്നത്. ഡിറ്റൻഷൻ സെന്റർ ഒരുമാസത്തിനുള്ളിൽ തുടങ്ങുന്നില്ലെങ്കിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയടക്കം ഹാജരാവണമെന്ന് നൈജീരിയൻ പൗരന്റെ  ഹരജിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തൃശൂരിലെ താൽക്കാലിക സെന്ററിലുണ്ടായിരുന്ന നാല് വിദേശികളെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് കൊല്ലത്തെത്തിച്ചത്. മൂന്നുപേർ നൈജീരിയക്കാരും ഒരാൾ എൽസാൽവദോർ സ്വദേശിയുമാണ്. 20 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് മയ്യനാട് പഞ്ചായത്ത് പരിധിയിലെടുത്ത വാടകക്കെട്ടിടത്തിലുള്ളത്. സി.സി ടി.വി ക്യാമറ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും.
സംവിധാനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തെ ചെലവിന് 50 ലക്ഷം രൂപയും. ജില്ല സാമൂഹിക നീതി ഓഫിസർക്കാണ് മേൽനോട്ട ചുമതല. ജില്ല പ്രോബേഷൻ ഓഫിസറുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് സുരക്ഷ ചുമതല. അന്തേവാസികൾക്ക് സെന്ററിന്റെ മതിൽകെട്ടിനുള്ളിൽ ഇറങ്ങി നടക്കാൻ അനുവാദമുണ്ടാവും.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ  ഭാഗമായി തടങ്കൽപാളയങ്ങൾ നിർമിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നും 2012ൽ യു.ഡി.എഫ് സർക്കാർ ആരംഭിച്ച നടപടിക്രമങ്ങൾ നിർത്തിവെക്കാൻ ഉത്തരവിറക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഫെബ്രുവരിയിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

Latest News