Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോതി സമരത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും

കോതി പള്ളിക്കണ്ടിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്തേക്കുള്ള വഴി പ്രദേശവാസികൾ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് തടഞ്ഞപ്പോൾ.

കോഴിക്കോട്- കോതി മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും. സമരസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും മുടങ്ങി. ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണമായും ഉപരോധിച്ചായിരുന്നു സമരം. വിഴിഞ്ഞത്തേതു പോലെ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ച് സമരക്കാർ റോഡ് തടഞ്ഞു. റോഡിലെ ഡ്രെയ്‌നേജിൽ സ്ഥാപിച്ച സ്ലാബുകൾ എടുത്തു മാറ്റി.
പോലീസ് ഗതാഗത തടസ്സം നീക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. ഇതോടെയാണ് ഇന്നലത്തെ നിർമാണ പ്രവർത്തങ്ങൾ പൂർണമായും തടസ്സപ്പെട്ടത്. പോലീസിനെ പ്രദേശത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. 
തുടർന്ന് ഭാഗികമായി പോലീസ് തടസ്സം നീക്കിയതോടെ സമരക്കാരുമായി നേർക്കുനേർ നിൽക്കുന്ന സ്ഥിതിയായി. ഒടുവിൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചതോടെയാണ് സംഘർഷം ഒഴിവായത്.
സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഫാത്തിമ തഹ്‌ലിയ, യു.ഡി.എഫ് കൗൺസിലർമാരായ കെ.സി. ശോഭിത, അൽഫോൺസ, കെ-റെയിൽ സമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ തുടങ്ങിയവർ രംഗത്തെത്തി. പ്രദേശത്ത് സമര സമിതി പ്രവർത്തകർ സമര പന്തൽ പണിയുകയും പൊതുയോഗം നടത്തുകയും ചെയ്തു. നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. അതേസമയം സമരക്കാരുമായി ചർച്ച നടത്താൻ തയാറാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസന പദ്ധതികൾ അടിച്ചേൽപിക്കണമെന്ന നിലപാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Latest News