ബംഗളൂരു- ശക്തമായ പ്രചാരണത്തിനൊടുവിൽ നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. രാവിലെ മന്ദഗതിയിൽ തുടങ്ങിയ പോളിംഗ് പത്തുമണിക്ക് ശേഷമാണ് കനത്തുതുടങ്ങിയത്. അഞ്ചുകോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പതിനൊന്ന് മണിവരെ 24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ്.
അധികാരം നിലനിർത്താൻ ഉറപ്പിച്ച് കോൺഗ്രസും തിരിച്ചുപിടിക്കാൻ പോരിനിറങ്ങി ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് കർണാടകയിൽ കാഴ്ച്ചവെച്ചത്. കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ് യെദിയൂരപ്പ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധിയും ബി.ജെ.പിയുടേത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമാണ് നയിച്ചത്. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ആളുകളുമായി നേരിട്ട് സംവദിച്ചായിരുന്നു രാഹുലിന്റെ പ്രചാരണം. ഇരുപത് തെരഞ്ഞെടുപ്പ് റാലികളിലാണ് മോഡി പങ്കെടുത്തത്.
അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ കൃത്യമായ ഫലസൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നതാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. ബംഗളൂരുവിലെ ഫ്‌ളാറ്റിൽനിന്ന് ആയിരക്കണക്കിന് തിരിച്ചറിയൽ കാർഡ് കണ്ടെത്തിയ സംഭവത്തെ തുടർന്ന് ആർ.ആർ നഗർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. മേയ് 28നായിരിക്കും ഇവിടെ വോട്ടെടുപ്പ്.
സിദ്ധരാമയ്യയുടെ 70 ലക്ഷം രൂപ വിലയുള്ള വാച്ച് മുതൽ സോണിയയുടെ ഇറ്റാലിയൻ വേരുകൾ വരെ, നരേന്ദ്രമോഡിയുടെ വാഗ്ദാന ലംഘനങ്ങൾ മുതൽ യെദ്യൂരപ്പയുടെ അഴിമതിയും റെഡ്ഡിമാരുടെ കഥകളും വരെ കർണാടകയെ ഇളക്കിമറിച്ചാണ് പ്രചാരണത്തിന് തിരശ്ശീല വീണത്.






