ദല്‍ഹിയില്‍ അഫ്താബിനെ കൊണ്ടുവന്ന വാഹനം വാളുമായി ആക്രമിച്ചു

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് 27 കാരിയും ലിവ് ഇന്‍ പങ്കാളിയുമായിരുന്ന ശ്രദ്ധ വാക്കറെ  ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അഫ്താബ് പൂനാവാല സഞ്ചരിച്ച ദല്‍ഹി പോലീസ് വാന്‍ ആയുധധാരികളായ ചിലര്‍ ആക്രമിച്ചു. രോഹിണി ഏരിയയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് (എഫ്എസ്എല്‍) പുറത്ത് പോളിഗ്രാഫ് പരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് സംഭവം.
ആക്രമണത്തിന് പിന്നില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നു, രണ്ട് പേരെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ അഫ്താബിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഗുരുഗ്രാമില്‍ നിന്ന് വന്നവരാണ് ആക്രമണത്തിന് പിന്നില്‍. നിഗം ഗുര്‍ജാര്‍, കുല്‍ദീപ് താക്കൂര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘ്പരിവാറുമായി ബന്ധുമള്ളവരാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നു.
പോലീസ് വാനിനെ ഓവര്‍ടേക്ക് ചെയ്ത ശേഷം കാറില്‍ നിന്ന് വാളുമായി ഇറങ്ങിയ ഏതാനും പേര്‍ പ്രതി അഫ്താബ് സഞ്ചരിച്ച വാനിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഉടന്‍ തന്നെ വാന്‍ സ്ഥലത്തുനിന്നു നീക്കി.
അക്രമികളെ പിരിച്ചുവിടാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ പുറത്തെടുത്തു.  ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 35 കഷണങ്ങളാക്കി മുറിച്ച്  ഫ്രിഡ്ജില്‍ മൂന്നാഴ്ചയോളം  സൂക്ഷിച്ച് ദിവസങ്ങളെടുത്ത് നഗരത്തിലുടനീളം വലിച്ചെറിഞ്ഞതാണ് കേസ്.

മൃതദേഹം വെട്ടാന്‍ അഫ്താബ് ഉപയോഗിച്ചതായി പറയപ്പെടുന്ന ആയുധം തിങ്കളാഴ്ച രാവിലെ ദല്‍ഹി പോലീസ് കണ്ടെടുത്തു. അഫ്താബ് മറ്റൊരു സ്ത്രീക്ക് നല്‍കിയതായി പറയപ്പെടുന്ന ശ്രദ്ധയുടെ മോതിരവും പോലീസ് കണ്ടെടുത്തു.
അഫ്താബിന്റെ പോളിഗ്രാഫ് സെഷനുകള്‍ ചൊവ്വാഴ്ചയും തുടരുമെന്ന് എഫ്എസ്എല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സഞ്ജീവ് ഗുപ്ത പറഞ്ഞു. പോളിഗ്രാഫ് പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഒരാള്‍ക്ക് നാര്‍ക്കോ വിശകലനവുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അഫ്താബ് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അവ വിതരണം ചെയ്യുന്നതുമായി ബന്ധമുണ്ടെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

Latest News