ന്യൂദല്‍ഹി- ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന ഇന്‍ട്രാ നേസല്‍ കോവിഡ് വാക്‌സിന്‍ 'ഇന്‍കോവാക്' മറ്റു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു ബൂസ്റ്റര്‍ഡോസായും സ്വീകരിക്കാന്‍ അനുമതിയായി. 18 വയസ്സിനു മുകളിലുള്ളവര്‍ക്കു നേരത്തെ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതിയുണ്ട്.
മറ്റു വാക്‌സിനുകളുടെ 2 ഡോസ് സ്വീകരിച്ചവര്‍ക്കു അടിയന്തര സാഹചര്യത്തില്‍ ഇന്‍കോവാക് ബൂസ്റ്ററായി സ്വീകരിക്കാമെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചത്. വാക്‌സിന്‍ കൂടി കലര്‍ത്തി നല്‍കുമ്പോഴും സുരക്ഷിതമെന്നു ട്രയലുകളില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്. കുത്തിവയ്ക്കുന്നതിനു പകരം, ഇന്‍കോവാക് മൂക്കിലൂടെ തുള്ളിയായി നല്‍കുകയാണ് ചെയ്യുന്നത്.
ബിബിവി154 അല്ലെങ്കില്‍ ഇന്‍കോവാക് മൂന്നാം ഘട്ട പരീക്ഷണത്തിനുശേഷം സുരക്ഷിതമാണെന്നു കണ്ടെത്തിയതായി ഭാരത് ബയോടെക്ക് അറിയിച്ചു. ചിംബാന്‍സി കോള്‍ഡ് വൈറസ് ആണ് ഈ വാക്‌സിനില്‍ ഉപയോഗിക്കുന്നത്. യു.എസിലെ മിസൗറിയിലുള്ള സെന്റ് ലൂയിയിലെ വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.