സൗദി-ഖത്തര്‍ അതിര്‍ത്തിയിലെ സല്‍വയില്‍ ഫീല്‍ഡ് ആശുപത്രി, 50 കിടക്കകള്‍

ദമാം - ഖത്തറില്‍ നടക്കുന്ന ലോകകപ്പിനോടനുബന്ധിച്ച് സൗദി, ഖത്തര്‍ അതിര്‍ത്തിക്കു സമീപമുള്ള സല്‍വയില്‍ അശ്ശര്‍ഖിയ ഹെല്‍ത്ത് ക്ലസ്റ്റര്‍ ഫീല്‍ഡ് ആശുപത്രി സജ്ജീകരിച്ചു. സല്‍വാ ജനറല്‍ ആശുപത്രി സേവനങ്ങളുടെ ഭാഗമായാണ് 2,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 50 കിടക്കകളോടെ ഫീല്‍ഡ് ആശുപത്രി ആരംഭിച്ചിരിക്കുന്നത്. പുറമെ അത്യാഹിത വിഭാഗത്തില്‍ നാലു കിടക്കകളും ഒബ്‌സര്‍വേഷനില്‍ എട്ടു കിടക്കകളും തീവ്രപരിചരണ വിഭാഗത്തില്‍ എട്ടു കിടക്കകളും ആശുപത്രിയിലുള്ളതായി അശ്ശര്‍ഖിയ ഹെല്‍ത്ത് ക്ലസ്റ്റര്‍ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. മുബാറക് അല്‍മുല്‍ഹിം പറഞ്ഞു.
ലബോറട്ടറി, എക്‌സ്‌റേ റൂം, ഫാര്‍മസി അടക്കമുള്ള സൗകര്യങ്ങളും ഫീല്‍ഡ് ആശുപത്രിയിലുണ്ട്. സല്‍വ ജനറല്‍ ആശുപത്രിയുടെ ശേഷിയേക്കാള്‍ കൂടുതലായി കേസുകള്‍ ഉയരുന്ന പക്ഷം പ്രയോജനപ്പെടുത്താനാണ് ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാനും ഖത്തറിലേക്ക് പോകുന്ന, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനും സല്‍വ അതിര്‍ത്തി പോസ്റ്റിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ സെന്ററും പ്രയോജനപ്പെടുത്തുന്നുണ്ട്. ഹെല്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ വഴി 200 ലേറെ ഖത്തര്‍ യാത്രികര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കിയതായും ഡോ. മുബാറക് അല്‍മുല്‍ഹിം പറഞ്ഞു.

 

Latest News