Sorry, you need to enable JavaScript to visit this website.

അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സ് - മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം - അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദ കോഴ്‌സിലൂടെ അവസരമുണ്ടാകും.
രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യു.ജി.സി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴ്‌സിന്റെ മാര്‍ഗരേഖയ്ക്ക് യുജിസി അന്തിമരൂപം നല്‍കിയിട്ടുണ്ട്.
ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്‌സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.
പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍കൂടി ഉള്‍പ്പെടുത്തിയാകും കോഴ്‌സുകള്‍ എന്നാണ് സൂചന. അടുത്ത അധ്യയന വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest News